ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഡിറ്റ് വ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ ഒരാഴ്ചയായി ദുര്‍ബലമായ തുലാവര്‍ഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ഡിറ്റ് വ പിൻവാങ്ങിയതോടെ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായതോടെയാണ് മഴക്ക് സാധ്യത തെളിഞ്ഞത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും ചെറിയ തോതിലുള്ള മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമലയില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, തമിഴ്നാട്ടിൽ ഡിറ്റ് വ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുന്നു. തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഇന്ന് നീലഗിരി, ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തമിഴ്നാട്ടിലെ ചെങ്കൽ പേട്ട് ജില്ലയിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശമേഖലകളിൽ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴ ഉണ്ടാകുമെന്നാണ് പ്രവചനം. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ആറ് വിമാനങ്ങൾ ഇന്നലെ റദ്ദാക്കിയിരുന്നു.

മഴയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേരാണ് മരിച്ചത്. ചെന്നൈ നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളക്കെട്ട് ഒഴിവായി. ഡിറ്റ്‌വ നാശം വിതച്ച ശ്രീലങ്കയിൽ മരണം 390 ആയി. 252 പേരെ കാണാതായി. രാജ്യത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Tags:    
News Summary - Chance of rain with thunderstorms until Saturday; Yellow alert in seven districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.