സംസ്​ഥാനത്ത്​ അതിശക്തമായ മഴക്കും കാറ്റിനും​ സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട്​

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം സംസ്​ഥാനത്ത്​ സ്വാധീനം ചെലുത്താൻ സാധ്യതയുള്ളതിനാൽ അടുത്തദിവസങ്ങളിൽ അതിശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. ഡിസംബർ രണ്ടിന്​ ഇടുക്കി ജില്ലയിൽ റെഡ്​ അലർട്ട്​ ​പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 എം.എമ്മിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.

ഡിസംബർ രണ്ടിന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മൂന്നിന്​ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക്​ സാധ്യതയുണ്ട്​. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഡിസംബർ ഒന്നിന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും രണ്ടിന്​ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മൂന്നിന്​ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്ക്​ സാധ്യത പ്രവചിച്ചതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കുക.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിൽ ഉള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകടസാധ്യത മുന്നിൽ കണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം.

ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാൽ ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരും മുകളിൽ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ ഒന്നോടുകൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ കഴിയുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാവണം.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്​റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ വെട്ടിഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകൾ 1077 എന്ന നമ്പറിൽ വിളിച്ച്​ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്ക്​ രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്​റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.

കാറ്റിനെ സൂക്ഷിക്കണം

തീരദേശ മേഖലകളിലെയും മല​െഞ്ചരിവുകളിലെയും ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലെയും നിവാസികൾ കെട്ടിടങ്ങളുടെ മേൽക്കൂരയുടെയും ചുമരുകളുടെയും ഉറപ്പ് പരിശോധിക്കുകയും പെട്ടന്ന് ചെയ്യാവുന്ന പ്രവൃത്തികളിലൂടെ ആവശ്യമായവ ശക്തിപ്പെടുത്തുകയും ചെയ്യുക.

• മേൽക്കൂരകളിൽ കേടുപാടുകളോ ദ്വാരങ്ങളോ ഉണ്ടോ എന്ന്​ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണി ഉടനടി നടത്തുക.

• മേൽക്കൂരയും ചുമരുകളും തമ്മിലെ ബന്ധം പരിശോധിക്കുക. മേൽക്കൂരയും ചുമരും ചേരുന്നയിടത്തെ വിടവുകളിലൂടെ കാറ്റ് കയറി മേൽക്കൂര പറന്നുപോകാതിരിക്കാൻ ആ വിടവ് പലകയോ അല്ലെങ്കിൽ സിമൻറും ഇഷ്​ടികയുമോ ഉപയോഗിച്ച് അടക്കുക.

• ഷീറ്റ്, ഓട് എന്നിവ വീടി​െൻറ കഴുക്കോലുകൾ, പട്ടിക, മെറ്റൽ ട്രസ് വർക്കുമായി ആണിയോ, സ്ക്രൂവോ നട്ടും ബോൾട്ടുമോ കൊളുത്തുകളോ ഉപയോഗിച്ച് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.

• കാറ്റടിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും രാത്രികളിൽ എല്ലാ വാതിലുകളും ജനാലകളും അടച്ചിടുക.

• മഴയിലും കാറ്റിലും വീട്ടിലേക്ക്​ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള മരച്ചില്ലകളും ശാഖകളും വെട്ടിഒതുക്കുക.

Tags:    
News Summary - Chance of heavy rain in the state; Red alert in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.