സാമ്പത്തിക പ്രതിസന്ധി: പെൻഷൻ കമ്പനിയിലും പിടിമുറുക്കി കേന്ദ്രം, കടമെടുപ്പ് അനുമതി വൈകില്ലെന്ന് പ്രതീക്ഷ

തിരുവനന്തപുരം: കിഫ്ബിക്ക് പുറമെ ക്ഷേമ പെൻഷൻ വിതരണത്തിനുണ്ടാക്കിയ കമ്പനി വഴിയുള്ള കടമെടുപ്പിലും കേന്ദ്രം പിടിമുറുക്കി. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്ന് സർക്കാർ ഗാരന്‍റി നൽകിയാണ് കടമെടുത്ത് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നത്. സർക്കാർ പണം നൽകുന്നതിനനുസരിച്ച് ഇത് പലിശ സഹിതം തിരിച്ചടക്കും. ഇതും സർക്കാറിന്‍റെ കടമെടുപ്പ് പരിധിയിൽപെടുത്തണമെന്നാണ് കേന്ദ്ര നിലപാട്.

എന്നാൽ കിഫ്ബി വഴിയും പെൻഷൻ കമ്പനി വഴിയുമുള്ള കടമെടുപ്പ് പരിധിയിൽ വരില്ലെന്ന നിലപാട് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങൾക്ക് വീണ്ടും വിശദ മറുപടിയും നൽകും. ഏതാനും ദിവസങ്ങൾക്കകം കേന്ദ്രം അനുമതി നൽകുമെന്നാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ.

പുതിയ സാമ്പത്തിക വർഷത്തിൽ 32425 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി. ഇതിൽ കിഫ്ബി വായ്പ കൂടി ഉൾപ്പെടുത്തിയാൽ അതുമാത്രം 10235 കോടി വരും. പൊതുമേഖലാ സ്ഥാപനങ്ങളും വൻതോതിൽ സർക്കാർ ഗാരന്‍റിയിൽ കടമെടുത്തിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളോ കിഫ്ബിയോ എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാറുകളുടെ വായ്പപരിധിയിൽ കണക്കാക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. കിഫ്ബിക്ക് സമാന രീതി കേന്ദ്രവും നടപ്പാക്കിയിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും കടമെടുക്കാൻ അനുമതി കിട്ടാത്തവരായുണ്ട്. അതിനാൽ ഇത് രാഷ്ട്രീയ തീരുമാനമായി കാണുന്നില്ല. എന്നാൽ പ്രതിസന്ധി തുടർന്നാൽ മറ്റ് സംസ്ഥാനങ്ങളെക്കൂടി കൂട്ടി നീക്കം നടത്താനാണ് സംസ്ഥാനം ആലോചിക്കുന്നത്. 

Tags:    
News Summary - Center tightens grip on pension company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.