ഡോ. എം.കെ. അനൂപ്​

ഡോ. എം.കെ. അനൂപ്​, അകാലത്തിൽ പൊലിഞ്ഞ അഭിമാന താരം

ഡോ. എം.കെ. അനൂപ്​. കണ്ണീരോടെയല്ലാതെ ഓർമിക്കാനാവില്ല ഈ അത്ഭുത പ്രതിഭാസത്തെ.

2002ൽ സി.ബി.എസ്.ഇ 10ാം തരം പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നാടി​െൻറ അഭിമാനതാരം. 2004ൽ പ്ലസ്ടു പരീക്ഷയിൽ നാലാം റാങ്കുകാരൻ. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്​സിലും മികച്ച വിജയം. ഡൽഹി എയിംസിൽനിന്ന് സ്വർണ്ണ മെഡൽ നേടി എം.ഡി റേഡിയോളജി പാസ്സായി.

അർബുദത്തോട്​ പടവെട്ടി ആഗസ്​റ്റ്​ 28ന്​ ഈ ലോകത്തോട്​ വിടപറഞ്ഞ ഡോ. അനൂപിനെ കുടുംബസുഹൃത്തും ഉത്തര മേഖല കോളജ്‌ വിദ്യാഭ്യാസ വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രഫ. വി. ഗോപിനാഥൻ അനുസ്​മരിക്കുന്നു. 

ഇത്തവണ ഓണം കഴിഞ്ഞ് കാസർകോട് അണങ്കൂർ 'അനുഗ്രഹ'യിലെത്താനുള്ള ഒരുക്കത്തിലായിരുന്നു ഡോ. അനൂപ്. പക്ഷേ, വിധി മറിച്ചായിരുന്നു. ആ ദിവ്യനക്ഷത്രം നിറമുള്ള ഓർമകൾ സമ്മാനിച്ച് ചക്രവാളത്തിൽ ഉദിച്ചുയർന്നു. ജീവൻ വെടിഞ്ഞ ശരീരമായിരുന്നു നാട്ടിലെത്തിയത്.

രാജ്യമെമ്പാടും പടർന്ന് പിടിക്കുന്ന കോവിഡിനെ അതിജീവിച്ച അനൂപിന് തന്നെ കീഴ്പ്പെടുത്തിയ മാരക രക്താർബുദത്തിൽനിന്ന് പൂർണമായും മോചനം നേടാനായില്ല. മുംബൈ ഖാർഘർ ടാറ്റാ കാൻസർ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയായിരുന്നു. 90 ശതമാനം ദേദമായ രോഗം പൊടുന്നനെ എല്ലാവരേയും ദുഃഖത്തിലാഴ്ത്തി വഷളാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു. മഹദ്​വ്യക്തികൾക്ക് അൽപായുസ്സ് ആണ് പലപ്പോഴും ലഭിക്കുന്നത് എന്നത് നമ്മുടെ അനുഭവമാണ്. അനൂപും 34 വർഷത്തിലെ ജീവിതത്തിനിടയിൽ മിന്നിത്തിളങ്ങി പൊലിഞ്ഞുപോയി.


കൃഷി വകുപ്പിൽ ജോയിൻറ്​ ഡയറക്ടറായി വിരമിച്ച എം. ഭാസകരനാണ് അനൂപി​െൻറ അച്ഛൻ. അമ്മ ശശികല കാസർകോട് നിത്യാനന്ദബസ് ഉടമയായ ദാമോദര​െൻറ മകളും. സഹധർമ്മിണി തൃശൂർ സ്വദശിനിയായ ഡോ. ഇശ. ജീവിച്ച് കൊതി തീർന്ന് കാണില്ല, അടുത്ത കാലത്ത് വിവാഹിതരായ ഈ ദമ്പതികൾക്ക്. അതിനിടയിലാണ് അശനിപാതം പോലെ മാരക രോഗം അനൂപിനെ കീഴ്പെടുത്തിയത്. എന്തൊരു ക്രൂരതയാണ് ദൈവം ഇവരോട് ചെയ്തത്.

എത്രയോ കാലത്തെ സൗഹൃദമാണ് ഭാസ്കരൻ -ശശികല കുടുംബവുമായി എ​െൻറ കുടുംബത്തിനുണ്ടായിരുന്നത്. എൻറ ഭാര്യാ സഹാദരിയുടെ സഹപാഠി ആയിരുന്നു ശശികല. ഭാസ്കരൻ സാറ് കാസർകോട് പീപ്പ്ൾസ് ഫോറം പ്രവർത്തകനായി കാസർകോടി​െൻറ നിറസാന്നിധ്യവും. അനൂപിനെ പോലെ കാസർകോടിന് ഇത്രയേറെ അഭിമാനിക്കാൻ വകയൊരുക്കിയ മറ്റൊരു വ്യക്തി ഉണ്ടാവില്ല. സി.ബി.എസ്.ഇ പത്താം തരത്തിൽ അഖിലേന്ത്യാ തലത്തിൽ 2002 ൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് അനൂപാണ്. കാസർകോട് പീപ്പ്ൾസ് ഫോറം കുടുംബസംഗമം അനുമോദനങ്ങളും പുരസ്കാരവും സമർപ്പിച്ചത് ഇന്നും മറക്കാനാവാത്ത മുഹൂർത്തമാണ് ഈ ലേഖകന്.


സംസ്ഥാന തല കലോത്സവത്തിൽ ഹർഷാരവങ്ങളോടെയാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണിയും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയും അനൂപിനെ വേദിയിലേക്ക് ക്ഷണിച്ചത്. അനൂപി​െൻറ നേട്ടങ്ങൾ ആവർത്തിച്ച് കൊണ്ടിരുന്നു. പ്ലസ്ടു പരീക്ഷയിൽ നാലാം റാങ്ക് നേടി. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്. എയിംസ് എൻട്രൻസിൽ പരീക്ഷയിൽ മുകളിലെത്തി ഡൽഹിയിൽ എം.ഡി റേഡിയോളജി പാസ്സായത് ഏറ്റവും മികച്ച സ്വർണ്ണ മെഡൽ നേടിയാണ്.

എ​െൻറ മകളുടെ ഭർത്താവ് ഡോ. ടി.വി. പ്രസാദ് അവിടെ അന്ന് സീനിയർ റസിഡൻറ്​ ഡോക്ടറായിരുന്നു. അനൂപിന് ലാബിൽ പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്ത് ഗുരുനാഥനിലുപരി അടുത്ത സുഹൃത്തായി മാറി അദ്ദേഹം. അവരുടെ സൗഹദത്തി​െൻറ വ്യാപ്തി 10 ദിവസം മകളോടൊത്ത് എയിംസ് ക്യാമ്പസിൽ താമസിച്ചപ്പോൾ എനിക്ക് മനസ്സിലായി. അനൂപിനോട് ഒന്ന് കൂടി അടുത്തു ഞാൻ. നല്ല പയ്യൻ. അനൂപിനെ കുറിച്ച് പറയുമ്പോൾ എ​െൻറ മരുമകനും മകൾക്കും നൂറ് നാക്കാണ്. അത്രമേൽ ഇഷ്ടമായിരുന്നു അവർക്ക് അനൂപിനെ. തൃശൂരിൽ അദ്ദേഹത്തി​െൻറ വിവാഹചടങ്ങിൽ കുടുംബ സമേതമാണ്​ ഞങ്ങൾ പങ്കെടുത്തത്​.

കാസർകോടി​െൻറ അഭിമാനമായിരുന്ന അനൂപി​െൻറ സേവനം തേടി കാസർകോ​ട്ടെ കിംസ് സൺറൈസ് മാനേജിങ് ഡയറക്ടർ ഡോ. പ്രസാദ് മേനോൻ സംസാരിച്ച കാര്യം അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. എന്നാൽ, ആ സൗഭാഗ്യം കാസർകോടുകാർക്ക് കിട്ടിയില്ല. ആ അഭിമാന താരം നമ്മെ വിട്ടുപോയി. എം.ഡി പഠനത്തിന് ശേഷം കുറച്ച് കാലം ഡൽഹി എയിംസിൽ സീനിയർ റസിഡൻറ്​ ഡോക്ടറായ അനൂപ് പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ റേഡിയോളജി ഡോക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ ഡോ. ഇശയും ഒപ്പം ഉണ്ടായിരുന്നു.

മെഡിക്കൽ എത്തിക്സ് എന്നും മനസ്സിലൂന്നി സഹപ്രവർത്തകരോടും രോഗികളോടും പെരുമാറിയ അനൂപ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിച്ച അനൂപ് നല്ലൊരു ഫുട്ബാൾ കളിക്കാരനായിരുന്നു. എം.ഡി. എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുത്ത് വരികയായിരുന്നു ഡോ. ഇശ.


ഏതോ ഒരു അശുഭ മുഹൂർത്തത്തിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് അനൂപ് ഒരു മാരക രോഗത്തിന് വിധേയനാണെന്ന് അറിയുന്നത്. പ്രതീക്ഷ കൈവിടാതെ കുടുംബത്തിന് ധൈര്യം നൽകി ചികിത്സയുമായി മുന്നോട്ട്​ പോകാൻ അവർ തീരുമാനിച്ചു. വിദഗ്​ധ ചികിത്സക്കായി മുംബൈ ഖാർഘർ ടാറ്റ കാൻസർ ആശുപത്രിയിലക്ക് 2019 ഏപ്രിലിൽ എത്തി. അനൂപി​െൻറ രോഗശാന്തിക്കായി കൂട്ടുകാരും നാട്ടുകാരും മനമുരുകി പ്രാർഥിച്ചു. വളരെ പ്രയാസകരമായ ദിവസങ്ങളാണ് കടന്നുപോയത്. ത​െൻറ ഗതി അവസാനം എന്തായിരിക്കുമെന്ന് അനൂപിന് അറിയാമായിരുന്നു. എങ്കിലും പ്രത്യാശയുടെ കിരണങ്ങൾ അച്ഛനുമമ്മയ്ക്കും സഹധർമണിക്കും നൽകി അനൂപ് സുസ്മേരവദനനായി കാണപ്പെട്ടു.

രോഗ ശമനത്തിന് രക്തമൂല കോശ മാറ്റി വെക്കൽ ശസ്ത്രക്രിയയായിരുന്നു ഏക മാർഗം. blood stem cell transplantation. ഇതിനായി ദാത്രി (രക്തമൂലകോശ ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കുന്ന സംഘടന) യുമായി ചേർന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, ഡൽഹി, കരിവെള്ളൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ക്യാമ്പ്​ നടത്തി. കിംസ് സൺ റൈസ് ആശുപത്രി, ഐ.എം.എ എന്നിവയുമായി ചേർന്ന് പീപ്പ്ൾസ്‌ ഫോറം കാസർകോട്​ നടത്തിയ ക്യാമ്പും ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. അനൂപിനല്ലെങ്കിൽ മറ്റാർക്കെങ്കിലും ഉപകരിക്കുമല്ലോ. വിദ്യാനഗർ ത്രിവേണി കോളജിലെ ഒരു വിദ്യാർഥിയുടെ കോശം രക്താർബുദം ബാധിച്ച കൊച്ച് കുഞ്ഞിന് യോജിക്കു​മെന്ന് ദാത്രി പിന്നീട് അറിയിച്ചിരുന്നു. ആഗോളതലത്തിൽ രജിസ്ട്രി തയ്യാറാക്കി എത്രയോ ജീവിതങ്ങൾ രക്ഷിക്കാൻ ഈ സംഘടനക്ക്​ സാധിക്കുന്നു എന്നത് ശുഭോദർക്കമായ കാര്യമാണ്.


ആശയ്ക്കും ആശാഭംഗത്തിനുമിടയിൽ അനൂപിനും കിട്ടി ഒരു ദാതാവിനെ. ഞാനും മരുമകൻ ഡോ. ടി.വി. പ്രസാദും പൂനെയിലെ എൻറെ ഭാര്യാസഹാദരീ ഭർത്താവ് പി.കെ. കൃഷ്ണനും ടാറ്റാ ആശുപത്രിക്ക് സമീപമുള്ള ഫ്ലാറ്റിൽ പോയി അനൂപിനെകണ്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തൊട്ടുമുമ്പായിരുന്നു ഇത്​. മൂന്നുമണിക്കൂർ അവിടെ തങ്ങിയ ഞങ്ങൾക്ക് ഭാസ്കരൻ സാറിൻറെയും ശശികലയുടെയും ഡോ. ഇശയുടെയും ദുഃഖം കണ്ടപ്പോൾ സഹിക്കാനായില്ല. എന്നാൽ, അനൂപി​െൻറ മുഖത്ത് പ്രഖ്യാശയുടെ കിരണങ്ങളുണ്ടായിരുന്നു.

ചികിത്സ വളരെ കരുതലോടെ മുന്നാട്ട് നീങ്ങി. ഏകദേശം ഒരു വർഷമെടുക്കുമെന്ന് അന്ന് പറഞ്ഞു. ഇടക്ക് ഭാസ്കരൻ സാറുമായും ഡോ. പ്രസാദുമായും ബന്ധപ്പെട്ട്​ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. എന്നാൽ, സെപ്​റ്റംബറിൽ നാട്ടിൽ വരാനിരിക്കെ പൊടുന്നനെ ആ ദിവ്യനക്ഷത്രം പൊലിഞ്ഞു. നിറമുള്ള ഓർമകളുമായി കുടുംബത്തിന് ജീവിക്കാനാവട്ടെ, പരേത​െൻറ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ. ഡോ. അനൂപ് എന്ന ആ മഹൽ നക്ഷത്രത്തി​െൻറ തേജസ്സ് സമൂഹത്തിൽ നിറഞ്ഞ് നിൽക്കാനാകുന്ന തരത്തിൽ ഒരു പറ്റം സേവന സന്നദ്ധരായ ഡോക്ടർമാർ നമ്മൾക്കുണ്ടാവട്ടെ എന്ന് ആശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.