ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളുടെ ഓൺ-സ്ക്രീൻ മാർക്കിങ് ഡിജിറ്റൽ മൂല്യനിർണയ രീതിക്കെതിരെ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയർന്ന ആശങ്ക ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എം.പി കത്തയച്ചു. പരീക്ഷാ പേപ്പറുകൾ വ്യക്തതയില്ലാതെ സ്കാൻ ചെയ്തത്, മൂല്യനിർണയത്തിലെ അപാകതകൾ, പുനർമൂല്യനിർണയ പോർട്ടലിലെ സാങ്കേതിക തകരാറുകൾ എന്നിവ ചൂണ്ടിക്കാണിച്ചാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചത്.
ഡിജിറ്റൽ മൂല്യനിർണയത്തിനായി സി.ബി.എസ്.ഇ പോർട്ടലിൽ ലഭ്യമാക്കിയ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ പലതും വ്യക്തതയില്ലാത്തതോ ഭാഗികമായി വായിക്കാൻ കഴിയാത്തതോ ആണെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.
മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് പേപ്പർ വ്യക്തമായി കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് കൃത്യമായ മാർക്ക് ലഭിക്കുന്നതിനെ ബാധിക്കുമെന്നും ഇത് പരീക്ഷാ രീതിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
കൃത്യമായി എഴുതിയിട്ടും കുട്ടികൾക്ക് അർഹമായ മാർക്ക് നിഷേധിക്കപ്പെട്ടു. ഉപരിപഠന പ്രവേശനത്തെയും സ്കോളർഷിപ്പുകളെയും ഭാവിയെത്തന്നെയും ബാധിക്കുന്നതിനാൽ ഇത്തരം വീഴ്ചകൾ നിസ്സാരമായി കാണാനാകില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.