'എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നു, ഇടത് സർക്കാറിന്‍റേത് 'മാവോ' ലൈൻ'; വിമർശനവുമായി കത്തോലിക്ക മുഖപത്രം

കോഴിക്കോട്: വിവാദമായ കെ റെയിൽ പദ്ധതിയിലും ലോകായുക്ത നിയമ ഭേദഗതിയിലും ഇടത് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം. എതിർശബ്ദങ്ങളെ സർക്കാർ നിശബ്ദമാക്കുന്നുവെന്ന് സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്‍റെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കെ റെയില്‍ പദ്ധതി മാത്രമല്ല പ്രശ്‌നം. അത് വന്ന വഴിയുടെ കൂടിയാണ്. ചര്‍ച്ചകളെ ഒഴിവാക്കി, എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളിൽ പോലും അതിരടയാളക്കുറ്റി തറച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ മറുപടി നൽകിയതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടന്നു.

വലിയ പദ്ധതി നടപ്പാക്കുമ്പോൾ പാർട്ടി നിശ്ചയിച്ച പൗരപ്രമുഖരുമായി മാത്രമാണ് സംസ്ഥാന സർക്കാർ ചർച്ച നടത്തിയത്. നിയമസഭയിലും ചർച്ചയില്ല. പതിനായിരങ്ങളെ തെരുവിലിറക്കാതെ പദ്ധതി നടപ്പാക്കാൻ സാധിക്കുമോ എന്ന് പോലും ആലോചനയില്ല. കെ. റെയിൽ മാത്രമാണ് വികസന മുരടിപ്പിനുള്ള ഏക പരിഹാരമെന്ന് ആവർത്തിക്കുന്നത് മനസിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷവും പറയുമ്പോൾ, മനസിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സംസ്ഥാന സർക്കാരെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെയും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിന്റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ വഴിയിലും അനാവശ്യമായ തിടുക്കത്തിന്റെ ഭരണവെപ്രാളമുണ്ട്. നേരത്തെ ഇടതു സര്‍ക്കാര്‍ തന്നെ നിയമമായി കൊണ്ടുവന്ന 'ലോകായുക്ത'യെ വെറും അന്വേഷണ കമീഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയിൽ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നയപരമായ കാര്യങ്ങളിൽ പോലും സഭാ ചര്‍ച്ചകളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാറിന്, പാര്‍ലമെന്‍റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ എന്തവകാശമെന്ന് ചോദി ക്കുന്നത് ഇടതനുകൂലികള്‍ പോലുമാണ്.

അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗമാക്കുന്നത് പ്രാഥമികമായ ഒരു ഫാഷിസ്റ്റ് തന്ത്രമാണ്. അതുകൊണ്ട് എല്ലാവരേയും മുഴുവന്‍ കാര്യങ്ങളും അറിയിക്കരുതെന്നും എല്ലാവര്‍ക്കും രാഷ്ട്രീയമായി തുല്യത നല്കരുതെന്നും രാഷ്ട്രീയ തുല്യത എന്നത് ലോകത്തിലെ ഏറ്റവും മൂഢമായ വിശ്വാസമാണെന്നും പറഞ്ഞത് മുസോളിനിയാണ്. ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നവരും സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാഷിസത്തിന്റെ വഴിയില്‍ത്തന്നെയാണ്. ചിന്താഭാരം ഒഴിവാക്കിയൊഴിയുന്ന അടിമത്തത്തിന്‍റെ അനുസരണം ഇതിന്റെ നല്ലൊരു പശ്ചാത്തല സഹായിയുമാണ്.

ഏതാനും സൈബര്‍ ചാവേറുകളുടെ പ്രതിരോധബലത്തില്‍ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണ്. പരിപാടികളും പദ്ധതികളും മുകളില്‍നിന്ന് താഴോട്ട് എന്നതിലാണ് പ്രശ്‌നം. ഈ ദിശാമാറ്റം തന്നെയാണ് പരിഹാരവും. ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യം പാര്‍ട്ടി മറന്നെങ്കിലും ജനത്തിനിന്നും ഓര്‍മ്മയുണ്ട്. അപരോന്മുഖതയെ ആദര്‍ശമാക്കുന്ന പാര്‍ട്ടിക്ക് അസഹിഷ്ണുതയുടെ ആസുരവഴികള്‍ ഉചിതമോ എന്ന പ്രശ്‌നവുമുണ്ട്. കാലത്തിന് അഭിമുഖം നില്‍ക്കുന്ന സൗഹാര്‍ദ്ദ ശൈലിയാണ് വേണ്ടതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Catholica Mouthpiece sathyadeepam criticise LDF Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.