കട്ടിപ്പാറ (കോഴിക്കോട്): മകളുെട നിയമനാംഗീകാരം സംബന്ധിച്ച പ്രശ്നപരിഹാരത്തിന് തിരുവനന്തപുരത്ത് ഡി.പി.ഐയെ വരെ ബന്ധപ്പെട്ടിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ആത്മഹത്യചെയ്ത കോടഞ്ചേരി സെന്റ് ജോസഫ്സ് എയ്ഡഡ് എൽ.പി സ്കൂൾ അധ്യാപിക അലീനയുടെ പിതാവ് ബെന്നി. പിന്നീട് ഇടവക പള്ളി കമ്മിറ്റി ഇടപെട്ട് കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ഫ്രഷ് അപ്പോയിന്‍റ്മെന്‍റ് തന്നു. ഈ ഘട്ടത്തിൽ ആദ്യം നൽകിയ ജോലിയും ആനുകൂല്യങ്ങളും വേണ്ടെന്ന് മകളോട് താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്‌മെന്‍റ് എഴുതി വാങ്ങിയതായാണ് തനിക്ക് അറിയാൻ കഴിഞ്ഞത്.
അങ്ങനെയെങ്കിലും ശമ്പളം കിട്ടുമെന്ന് കരുതിയാണ് മകൾ എഴുതിക്കൊടുത്തത്. എന്നാൽ, കോടഞ്ചേരി സ്‌കൂളിലും 100 രൂപ പോലും ശമ്പളം കിട്ടിയിട്ടില്ല. മാനേജ്മെന്‍റ് സർക്കാറിന് കൃത്യമായ രേഖകൾ നൽകാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാൻ കാരണമായത്. എത്രയോ തവണ കോർപറേറ്റ് ഓഫിസിൽ കയറിയിറങ്ങിയതാണ്. ഒമ്പതു വർഷമായി ജോലിചെയ്ത് ശമ്പളം കിട്ടാത്തവർ ഉണ്ടെന്നായിരുന്നു മാനേജ്മെന്‍റ് അധികാരികളിൽനിന്ന് ലഭിച്ച മറുപടി. ജോലി കഴിഞ്ഞ് വന്ന് മകൾ കരയുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും അവളുടെ പ്രയാസത്തിന് എന്തു പറഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ലെന്നും ബെന്നി പറഞ്ഞു.
ശമ്പളം ലഭിക്കാൻ അപേക്ഷിച്ചതിന്‍റെയും അതു നിരസിച്ചതിന്‍റെയും അടക്കം എല്ലാ രേഖകളും തന്‍റെ കൈവശമുണ്ട്. കോടഞ്ചേരി സ്കൂളിലെ സഹപ്രവർത്തകരാണ് 3000 രൂപ വണ്ടിക്കൂലിക്ക് മാസാമാസം നൽകിയിരുന്നതെന്നും ബെന്നി കൂട്ടിച്ചേർത്തു.അതേസമയം, താമരശ്ശേരി പൊലീസ് മരിച്ച അധ്യാപികയുടെ വീട്ടിൽ പരിശോധന നടത്തി. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകീട്ട് നാലോടെ കട്ടിപ്പാറയിലെ വീട്ടിലെത്തിച്ചു. തുടർന്ന് കട്ടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.