ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസ്

കണ്ണൂർ: തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസ്. കേന്ദ്ര സർക്കാർ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു പാപ്ലാനിയുടെ പ്രസ്താവന. കേരളത്തിൽ നിന്ന് ഒരു എം പി പോലുമില്ലന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു. പ്രസ്താവന രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയതിന് പിന്നാലെയാണ് പാംപ്ലാനിയെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസ് രംഗത്തെത്തിയത്.

ഇന്നലെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മറ്റി ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ വിവാദ പ്രസംഗം. കേരളത്തിലെ ഇടത് വലത് മുന്നണികൾ കർഷക താത്പര്യം സംരക്ഷിക്കുന്നില്ലന്ന ന്യായം പറഞ്ഞായിരുന്നു ബി.ജെ.പിയെ സഹായിക്കാൻ മടിക്കില്ലന്ന ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.

പ്രസംഗം രാഷ്ട്രീയ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ആർച്ച് ബിഷപ്പ് മുൻ നിലപാട് ആവർത്തിച്ചു. മാത്രമല്ല, ബി.ജെ.പി അടക്കം കർഷക താത്പര്യം സംരക്ഷിക്കാൻ മുന്നോട്ട് വരുന്ന ആരോടും അയിത്തമില്ലന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. പിന്നാലെ ആർച്ച് ബിഷപ്പിൻറെ നിലപാടിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തിയതോടെ പുതിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കത്തോലിക്കാ സഭയിലെ പ്രമുഖനായ ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവന ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം, പാപ്ലാനിയെ തള്ളി ഫാദർ പോൾ തേലക്കാട് രംഗത്തെത്തി. തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടിയാണിത്. റബർവിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദർ പോൾ തേലക്കാട് പറഞ്ഞു.

പാപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ കോൺഗ്രസ് -സി.പി.എം മുന്നണികൾ കർഷകരെ വഞ്ചിച്ചു. നരേന്ദ്ര മോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

മോദി സർക്കാർ ഘട്ടംഘട്ടമായി റബർ വില കൂട്ടുകയാണ്. എന്നാൽ യു.പി.എ സർക്കാർ റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സർക്കാർ കർഷകർക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെട്ടുത്തും. കേന്ദ്ര സർക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്. മോദിയെ പിന്തുണക്കുന്ന സർക്കാർ കേരളത്തിലും വരണം. എന്നാൽ, മാത്രമേ കേരളത്തിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്‍റെ വികസനം പൂർണമായും ലഭ്യമാവുകയുള്ളൂ.

ബിഷപ്പിന്‍റെ പ്രസ്താവനയോടുള്ള ഗോവിന്ദന്‍റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കർഷകർക്കൊപ്പം നിൽക്കുന്നതിന് പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദൻ. കേരളത്തിലും എൻ.ഡി.എ സഖ്യം അധികാരത്തിൽ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Cathalic Congress in support of Archbishop Joseph Paplani's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.