ജാതി സെൻസസ്​: സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്​ തൃശൂരിൽ തുടക്കം

തൃശൂർ: ആനുപാതിക പ്രാതിനിധ്യം ജന്മാവകാശം എന്ന മുദ്രാവാക്യവുമായി ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് തൃശൂരിൽ തുടക്കംകുറിച്ചു.

സമരത്തിന്റെ ഭാഗമായി അടുത്ത മാസം അവസാനം തൃശൂർ നഗരത്തിൽ 10,000 പേരുടെ ശക്തിപ്രകടനം നടത്തും. തെക്കേ ഗോപുരനടയിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്താനും കാസ്റ്റ് സെൻസസ് കോഓഡിനേഷൻ കമ്മിറ്റി സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.

ആവശ്യം നേടുന്നതുവരെ പ്രക്ഷോഭം നടത്തും. സംസ്ഥാന സർക്കാർ ജാതി സെൻസസിന്റെ കാര്യത്തിൽ ഗുരുതര മൗനമാണ് പാലിക്കുന്നത്. സംഘ്പരിവാർ ലാളിക്കുന്നത് സവർണരെയാണ്. തികഞ്ഞ കാപട്യത്തോടെയാണ് അവർ ദലിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളെ സമീപിക്കുന്നത്. ജാതി സെൻസസിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാറും കോൺഗ്രസും സമാന രാഷ്ട്രീയ പാർട്ടികളും കാണിക്കുന്ന നിസ്സംഗതയിലും അവഗണനയിലും കൺവെൻഷൻ ശക്തമായി പ്രതിഷേധിച്ചു.

നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. ജി. മോഹൻ ഗോപാൽ ഓൺലൈനിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആനുപാതിക പ്രാതിനിധ്യം എല്ലാ സമുദായങ്ങളിലും നടപ്പാക്കണമെന്നും അതിന് തലയെണ്ണി ജാതി സെൻസസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. പി.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഫൈസി ഓണമ്പിള്ളി, ഡോ. വി.ആർ. ജോഷി, സണ്ണി എം. കപിക്കാട്, സുദേഷ് എം. രഘു, സമദ് കുന്നക്കാവ്, ബാബു ചിങ്ങാരത്ത്, പി. സുരേഷ് ബാബു, അഡ്വ. കെ.എസ്. നിസാർ, പി.കെ. ശങ്കർദാസ്, വിജയൻ പാടൂക്കാട്, ഗഫൂർ ടി. മുഹമ്മദ് ഹാജി, ഡോ. പി.കെ. സുകുമാരൻ, ഡോ. ഇ.വി. മനോഹരൻ, ബിജു ആട്ടോർ എന്നിവർ സംസാരിച്ചു. പി.കെ. സുധീഷ് ബാബു സ്വാഗതവും വി.എ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Caste Census: State-wide agitation begins in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.