മലപ്പുറം: ബിഹാർ മാതൃകയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടപ്പാക്കണമെന്ന് മലപ്പുറത്ത് നടന്ന മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു. ഇൻഡ്യ മുന്നണി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ യോഗം പിന്തുണച്ചു. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെട്ട് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫലസ്തീനികളോട് ഇസ്രായേൽ തുടരുന്ന ക്രൂരതയാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചത്. ഖുദ്സിന്റെ മോചനമാണ് ആവശ്യം. ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനം ലോക സമാധാനത്തിന് ഭീഷണിയാണ്. ഇത് ലോകരാഷ്ട്രങ്ങൾ തിരിച്ചറിയണം. പൂർവകാലങ്ങളിൽ ഫലസ്തീനികൾക്കൊപ്പം നിന്ന നിലപാട് കേന്ദ്ര സർക്കാർ തുടരണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നവംബർ 16ന് ഡൽഹിയിൽ നടത്താനിരുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഡിസംബറിലേക്ക് മാറ്റിയതായി ദേശീയ സമിതിയോഗ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ അറിയിച്ചു. ഡൽഹിയിലെ ദേശീയ ആസ്ഥാനത്തിന്റെ ഉദ്ഘാടനവും മാറ്റി.
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എവിടെയും മത്സരിക്കാതെ ഇൻഡ്യ മുന്നണിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കേരളത്തിൽ മൂന്ന് സീറ്റിൽ മത്സരിക്കുന്നത് സംബന്ധിച്ച ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് ദേശീയസമിതി ‘ബ്രീഫിങ്’ ആണെന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. അതേസമയം, തമിഴ്നാട്ടിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് ദേശീയ പ്രസിഡന്റ് ഖാദർമൊയ്തീൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗ് അംഗത്വ കാമ്പയിൻ നടക്കുകയാണ്. നവംബർ 30ഓടെ പൂർത്തിയാവും. വാർത്തസമ്മേളനത്തിൽ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.