തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം അംഗീകരിക്കുന്നതിലും കേസ് കീഴ്കോടതിയിലേക്ക് കൈമാറുന്നതിലും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പൊലീസ് അതൊഴിവാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
സംഭവം നടന്ന് നാലുവർഷമാകാറായിട്ടും വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. കോടതി നിരവധി തവണ കുറ്റപത്രത്തെ കുറിച്ച് ചോദിച്ചെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഒഴിഞ്ഞുമാറുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിക്കുമായിരുന്ന സന്ദർഭത്തിൽ അത് ഒഴിവാക്കാനായിരുന്നു പൊലീസ് വ്യോമയാന വകുപ്പ് ചുമത്തിയത്. അതിനായി വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിക്ക് പൊലീസ് കേന്ദ്രത്തെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. അതോടെയാണ് ആ വകുപ്പുകൾ ഒഴിവാക്കി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് അന്വേഷണസംഘം സമർപ്പിച്ചത്. ഭരണമാറ്റവും പൊലീസിന്റെ ഈ മലക്കം മറിച്ചിലിന് പിന്നിലുണ്ട്.
2022 ജൂൺ 13നാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ, ഈ പ്രതിഷേധത്തെ മുഖ്യമന്ത്രിക്കെതിരായ വധശ്രമമാക്കി മാറ്റി കേസെടുക്കുകയായിരുന്നു. മുൻ എം.എൽ.എയും കോർപറേഷൻ കൗൺസിലറുമായ കെ.എസ്. ശബരീനാഥൻ ഉൾപ്പെടെ നാല് പേരാണ് കേസിൽ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.