പി.സി ജോർജിനെതിരായ കേസ്; പിണറായിയുടെ ഫാസിസ്റ്റ് സമീപനം -കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പി.സി ജോർജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അന്വേഷണം നടത്താത്ത പൊലീസ് പി.സി ജോർജിനെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരി നൽകിയ മറ്റു പരാതികളിൽ ആരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിണറായി വിജയനെ എതിർക്കുന്നതിന്റെ പേരിൽ മാത്രമാണ് പി.സിക്കെതിരെ കേസെടുക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികൾക്കും മനസിലാകും. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരിൽ പി.സിയെ ജയിലിലടക്കാൻ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു.

എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പൊലീസ് നാണക്കേട് മറക്കാനാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്തിൽ നിന്നും വിഷയം മാറ്റാൻ രാഷ്ട്രീയ എതിരാളികളെ മുഴുവൻ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ഇന്ത്യയാണെന്നും ഇവിടെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമൊക്കെ ഉണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണം. ഇത്തരം പകവീട്ടൽ രാഷ്ട്രീയത്തിന് കോടതിയിൽ കനത്ത പ്രഹരം ലഭിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Case against PC George; Pinarayi's fascist approach - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.