കൊല്ലം: മറിഞ്ഞ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ അടിഞ്ഞ സ്ഥലത്ത് വിവിധ ഏജൻസികൾ പരിശോധന നടത്തി. കണ്ടെയ്നറിനു സമീപത്തെ ജലത്തിൽ മനുഷ്യർക്കും ജീവജാലങ്ങൾക്കും അപകടം സൃഷ്ടിക്കുന്ന സ്വഭാവത്തിൽ എന്തെങ്കിലും ഉണ്ടാകുമോ എന്ന പരിശോധനയാണ് പ്രധാനമായും നടത്തുന്നത്.
കേരള യൂനിവേഴ്സിറ്റി അധികൃതരും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, കൂടംകുളം ആണവനിലയം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് പരിശോനക്കായി ജലം ശേഖരിച്ചത്. പ്രാഥമിക പരിശോധനയിൽ ജലത്തിൽ രാസ സാന്നിധ്യമില്ലന്ന് കേരള യൂനിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ഫിഷ് ആൻഡ് ഫിഷറീസ് ഹെഡ് പ്രഫ. എസ്.എം. റാഫി ‘മാധ്യമ’ത്തോട് പറഞ്ഞു.
ശക്തികുളങ്ങരയിൽ കണ്ടെയ്നർ തീരത്തടിഞ്ഞ ഭാഗത്തെ ജലം പരിശോധനക്കായെടുക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരൻ
ഈ പ്രദേശത്ത് മത്സ്യങ്ങളൊന്നും ചത്തുപൊങ്ങിയിട്ടില്ല, ജലത്തിനും മണമോ മറ്റ് പ്രത്യേകതയോ കണ്ടില്ല. ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കൂ. പതിമൂന്നോളം കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണെന്നതാണ് വിവരം. ഇതിൽ കാൽസ്യം കാർബൈഡ് എന്ന രാസവസ്തുവുമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കാൽസ്യം കാർബൈഡ് വെള്ളവുമായി പ്രതിപ്രവർത്തിക്കുമ്പോൾ എളുപ്പത്തിൽ തീപിടിക്കുന്നതും സ്ഫോടന സാധ്യതയുള്ളതുമാണ്. കൂടാതെ, കപ്പലിൽ ധാരാളം ഡീസലും ഫർണസ് ഓയിലുമുണ്ടായിരുന്നു.
കപ്പൽ മുങ്ങിയതോടെ, ഈ വസ്തുക്കൾ കടലിൽ കലരുന്നത് പരിസ്ഥിതിക്ക് ഭീഷണിയാണ്. കടലിലെ ജീവജാലങ്ങൾ ഇത് ഭക്ഷിക്കും. ഞണ്ട്, കൊഞ്ച് ഉൾപ്പെടെ പുറംതോടുള്ള മത്സ്യങ്ങളിൽ പറ്റിപ്പിടിക്കും. ഭക്ഷണത്തിലൂടെ മനുഷ്യരിലേക്കുമെത്താം. കടലിൽ പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിലും മീൻപിടിത്ത ബോട്ടുകളിലും വന്നിടിച്ച് അപകടമുണ്ടാകാമെന്നും അതിനാൽ അതീവ ശ്രദ്ധവേണമെന്നും അധികൃതർ പറയുന്നു. നിലവിൽ, എണ്ണ ചോർച്ച കണ്ടെത്താൻ കോസ്റ്റ് ഗാർഡ് നിരീക്ഷണം തുടരുന്നുണ്ട്.
കണ്ടെയ്നറുകൾ കെട്ടിയിടാൻ മുന്നിട്ടിറങ്ങി മത്സ്യത്തൊഴിലാളികൾ
കൊല്ലത്ത് ഞായറാഴ്ച രാത്രി 11ന് ചെറിയഴീക്കൽ ക്ഷേത്രത്തിനു സമീപത്തെ മൈതാനത്തിനടുത്തും തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ, ചവറ പരിമണത്തുമാണ് കണ്ടെയ്നറുകൾ ഭാഗികമായി തുറന്ന രീതിയിൽ ആദ്യം അടിഞ്ഞത്. പിന്നാലെ, ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ തീരങ്ങളിൽ കണ്ടെയ്നറുകൾ അടിയാൻ തുടങ്ങി. ശക്തികുളങ്ങരയിൽ അടിഞ്ഞ മൂന്ന് കണ്ടെയ്നറുകൾ കൂട്ടിയോജിപ്പിച്ച നിലയിലായിരുന്നു. ശക്തമായ തിരയിൽപെട്ടാണ് മിക്ക കണ്ടെയ്നറുകളും തകർന്നത്. നേർത്ത അലൂമിനിയം ഷീറ്റുകൾ കൊണ്ട് ആവരണം ചെയ്ത കണ്ടെയ്നറുകളാണ് കരക്കടിഞ്ഞതിലേറെയും. നീണ്ടകര പാലത്തിനു സമീപം പച്ചനിറത്തിലുള്ള തുറക്കാത്ത ഒരു ഡ്രമ്മും 20ലധികം ചുവന്ന കാനുകളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്നറുകളുടെ സമീപത്തുനിന്ന് വെള്ളം ശേഖരിച്ച് പരശോധനക്കായി അയച്ചു.
മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കളെന്ന് തോന്നുന്നവ തീരത്തടിഞ്ഞതു കണ്ടാൽ തൊടരുതെന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ടായിട്ടും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ ഒന്നിച്ചുകെട്ടിയിടാനും മറ്റും മുന്നിട്ടിറങ്ങി. കോസ്റ്റ് ഗാർഡും ഫയർ സർവിസ് ടീമുകളും മത്സ്യത്തൊഴിലാളികൾക്കൊപ്പം തീരത്തടിഞ്ഞ കണ്ടെയ്നറുകൾ ബന്ധിപ്പിച്ചു.
ശക്തികുളങ്ങരയിൽ കണ്ടെത്തിയ ചുവന്ന കണ്ടെയ്നറിൽ ചൈനീസ് നിർമിത ഗ്രീൻ ടീ ആണെന്ന് കസ്റ്റംസ് അധികൃതർ പഞ്ഞു. ഇതര കണ്ടെയ്നറുകളിൽ നിന്നും രാസവസ്തുക്കളോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിശദമായ പരിശോധനക്കായി കണ്ടെയ്നറുകൾ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും കസ്റ്റംസ് വ്യക്തമാക്കി. കണ്ടെയ്നറുകൾക്കുള്ളിൽ ആവരണം ചെയ്തിരുന്ന തെർമോകോൾ കഷണങ്ങൾ കടൽത്തീരത്ത് ചിതറിക്കിടക്കുകയാണ്. ആലപ്പുഴ ആറാട്ടുപുഴ തറയിൽക്കടവിൽ പഞ്ഞിക്കെട്ടുകൾ തീരത്തും കടലിലും ഒഴുകിനടക്കുകയാണ്. പൊലീസെത്തി പരിശോധിച്ച് പഞ്ഞിയാണെന്നും ഭയപ്പെടാനില്ലെന്നും സ്ഥിരീകരിച്ചു. ബണ്ടിലുകളിൽ ‘സോഫി ടെക്സ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.