കോഴിക്കോട്: കേരള തീരത്ത് നിന്നും 144 കി.മീ വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ അപകടത്തിൽപെട്ട കപ്പലിലെ തീ ഇനിയും അണക്കാൻ കഴിഞ്ഞില്ല. തീപ്പിടിച്ച കപ്പൽ ഇപ്പോഴും കടലിൽ ഒഴുകി നടക്കുകയാണ്. കപ്പലിൽനിന്ന് പുക പുറന്തള്ളുന്നതും തുടരുകയാണ്. ഇതിനകം 20 മുതൽ 50 വരെ കണ്ടെയ്നറുകൾ കടലിൽ വീണു. ഒന്നിലേറെ പൊട്ടിത്തെറികൾ നടന്നതായും തീപടർന്ന് പിടിച്ചതായും കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇനിയും സ്ഫോടന സാധ്യതയുള്ളതിനാൽ മറ്റു കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
22 തൊഴിലാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 18 പേർ കടലിൽ ചാടി. അഞ്ച് പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ട് പേർക്ക് ഗുരുതര പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. ഇന്ത്യൻ തീരത്ത് നിന്ന് വടക്കുപടിഞ്ഞാറോട്ട് ഗതി മാറ്റാൻ കോസ്റ്റ് ഗാർഡ് ശ്രമം തുടങ്ങിയിട്ടുണ്ട്.
കപ്പലിലെ കണ്ടെയ്നറുകളിൽ എന്താണുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. അപകടകരമായ ലിഥിയം ബാറ്ററികൾ, ഗൺപൗഡറുകൾ, ആസിഡ് തുടങ്ങിയവയാണ് ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതേക്കുറിച്ച് ഉടനടി റിപ്പോർട്ട് ചെയ്യാൻ ഉടമകളോട് ആവശ്യപ്പെട്ടു.
തീരസംരക്ഷണ സേനയുടെ അഞ്ച് കപ്പലുകളും നേവിയുടെ ഒരു കപ്പലും സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. വൻതീപിടിത്തമാണ് ഉണ്ടായതെന്ന് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് അപകടമുണ്ടായ കപ്പൽ. ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാരാണ് ജീവനക്കാർ.
20 വർഷം പഴക്കമുള്ള കപ്പലിന് 270 മീറ്റർ നീളമുണ്ട്. ഏഴാം തീയതി കൊളംബോയിൽനിന്നു പുറപ്പെട്ട കപ്പൽ പത്തിനു രാവിലെ ഒമ്പതരയോടെ മുംബൈയിൽ ജവാഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.