വാകത്താനം: പൊങ്ങന്താനം റോഡിൽ പി.ആർ.ഡി.എസ് മന്ദിരത്തിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. വാഹനം ഓടിച്ചിരുന്ന ഉടമ വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന് (57) ഗുരുതര പൊള്ളലേറ്റു. കാറിൽ ഇദ്ദേഹം മാത്രമാണുണ്ടായിരുന്നത്. പുറത്തുപോയി തിരിച്ചുവരുന്നതിനിടെ വീടിന് 20 മീറ്റർ അകലെയാണ് സംഭവം. വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. അയല്‍വാസി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ ഭാര്യയും മകനും ചേര്‍ന്നാണ് സാബുവിനെ പുറത്തെടുത്തത്.
സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലും കാറിന്റെ ഡോർ തുറക്കാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനം വൈകിച്ചു. കാർ പൂർണമായി കത്തിനശിച്ചു. ചങ്ങനാശ്ശേരിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് അണച്ചത്. സാബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാകത്താനം എസ്.ഐ തോമസ് ജോസഫ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് മുരളി തുടങ്ങിയവർ സ്ഥലത്തെത്തി.
സ്റ്റേഷന് ഓഫിസര്‍ അനൂപ് രവീന്ദ്രന്, അസി. സ്റ്റേഷന് ഓഫിസര്‍ വി. ഷാബു, സീനിയര്‍ ഫയര്‍ ഓഫിസര്‍മാരായ ദിനേശ്, മനു വി. നായര്‍, മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.