തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എം.പിയുടെ ലോക്സഭയിലെ സ്വകാര്യബില്‍ അവതരണത്തെ പാടെതള്ളി കോണ്‍ഗ്രസും യു.ഡി.എഫും. പാര്‍ട്ടിയുമായി ആലോചിക്കാതെ ഇത്തരമൊരുബില് അവതരിപ്പിച്ചതിലെ അതൃപ്തി തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, ആര്.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എം.പി, കെ. മുരളീധരന് എം.പി തുടങ്ങിയവരും ഹൈബിയെ തള്ളി. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ അതൃപ്തിയുണ്ട്. അത് ഹൈബി ഈഡനെ വിളിച്ച് അറിയിച്ചിട്ടുണ്ട്. സ്വകാര്യബില്‍ ഉടന്‍തന്നെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു.
തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബിയുടെ ആവശ്യത്തെ ഗൗരവത്തില്‍ കാണുന്നില്ലന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തലസ്ഥാനം മാറ്റേണ്ട കാര്യമില്ല. പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറുപ്പക്കാരന്റെ തോന്നല്‍ മാത്രമാണിതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും ഇത്തരം ചര്‍ച്ച ഗുണകരമല്ലെന്ന് എന്‍.കെ. പ്രേമചന്ദ്രനും പ്രതികരിച്ചു.
നേതൃത്വവുമായി ആലോചിക്കാതെ സ്വകാര്യബില്‍ അവതരിപ്പിച്ച ഹൈബിയുടെ നടപടി ശരിയായില്ലെന്നാണ് എം.എം. ഹസൻ ചൂണ്ടിക്കാട്ടിയത്. സ്വകാര്യ ബിൽ അവതരിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും നയപരമായ കാര്യങ്ങളില്‍ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടേണ്ടതാണെന്നും ഹസന് പറഞ്ഞു. ഇത്തരമൊരു ബില്‍ അവതരിപ്പിച്ചത് തെറ്റായിപ്പോയെന്ന് കെ. മുരളീധരനും ഹൈബിയുടേത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്ന് ശശി തരൂര്‍ എം.പിയും പറഞ്ഞു. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.