തിരുവനന്തപുരത്ത് മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; പലരും കുഴഞ്ഞു വീണു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിനെതിരെ സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. പൊരിവെയിലിൽ മുട്ടിലിഴഞ്ഞ നിരവധി പേർ കുഴഞ്ഞുവീണു. കണ്ണൂരും കോഴിക്കോടും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. വിവിധ ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു.

റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ തീരുമാനം വന്നതോടെ ശക്തമായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാർ അനുകൂലമായ തീരുമാനം സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.


കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തിയപ്പോൾ 

 

സർക്കാറിന്‍റെ ബന്ധുനിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.


കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ 

കാലടി സര്‍വ്വകലാശാലയിൽ അനധികൃത നിനിത കണിച്ചേരിയുടെ അസി. പ്രഫസര്‍ നിയമനത്തിൽ പ്രതിഷേധിച്ച് സർവ്വകലാശാലയ്ക്ക് മുൻപിൽ കെ.എസ്‍.യുവിന്‍റെ ഉപവാസ സമരം തുടങ്ങി. പാലക്കാട് കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.