കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്ത് ആദ്യമായി കാന്‍സര്‍ ഗ്രിഡ്-വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കാന്‍സര്‍ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് മന്ത്രി വീണ ജോര്‍ജ്. 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കാന്‍സര്‍ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. താഴെത്തട്ട് മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവരില്‍ കാന്‍സര്‍ രോഗസാധ്യതയുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ അലയാതെ കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നു.

സംസ്ഥാനത്തെ വിവിധ കാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണല്‍ കാന്‍സര്‍ സെന്ററുകളുടേയും ഒരു ശൃംഖലയാണിത്. സംസ്ഥാനത്തെമ്പാടും ഒരേ തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള കാന്‍സര്‍ പരിചരണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കാന്‍സര്‍ ഗ്രിഡിലൂടെ രോഗികള്‍ക്ക് എവിടെയാണെങ്കിലും സമാനമായ ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നു. കാന്‍സര്‍ പരിചരണത്തിനായി ഏകീകൃത ചികിത്സാ പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും സാധ്യമാക്കാനും ഇതിലൂടെ കഴിയുന്നു. കാന്‍സര്‍ വിദഗ്ദ്ധര്‍ക്കിടയില്‍ സഹകരണം എളുപ്പമാക്കുകയും അതുവഴി അവര്‍ക്ക് അറിവും വൈദഗ്ധ്യവും പങ്കിടാനും കഴിയുന്നു. കൂടാതെ കാന്‍സര്‍ ചികിത്സയിലും പ്രതിരോധത്തിലുമുള്ള ഗവേഷണത്തേയും ഇന്നൊവേഷനേയും പ്രോത്സാഹിപ്പിക്കുന്നു.

എവിടെയെല്ലാം കാന്‍സര്‍ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്, അവിടെ കാന്‍സര്‍ സംശയിച്ചാല്‍ എവിടെ റഫര്‍ ചെയ്യണം, അവിടെ എന്തെല്ലാം സേവനങ്ങള്‍ വേണം തുടങ്ങി കാന്‍സറിന്റെ ഓരോ ഘട്ടത്തിലും എവിടെയെല്ലാം പരിശോധനയും ചികിത്സയും ലഭ്യമാകുന്നു എന്ന് കൃത്യമായി മാപ്പ് ചെയ്യുന്ന സംവിധാനമാണ് കാന്‍സര്‍ ഗ്രിഡ്. ഒരു സ്ഥാപനത്തില്‍ കാന്‍സര്‍ കണ്ടെത്തിയാല്‍ തുടര്‍സേവനങ്ങള്‍ എവിടെ ലഭ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. രോഗി എത്തുന്ന ആരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്ത് ആവശ്യമായ വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകുന്ന സ്ഥലത്താണ് അയക്കുന്നത്.

ആ കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. സാമ്പിളുകള്‍ നല്‍കിയ ശേഷം രോഗിയ്ക്ക് വീട്ടില്‍ പോകാം. പരിശോധനാ ഫലം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രം വഴി അറിയിക്കുന്നു. ആവശ്യമെങ്കില്‍ തുടര്‍ സേവനങ്ങള്‍ക്കായി റഫറല്‍ കേന്ദ്രത്തിലേക്ക് എത്തിക്കുന്നു. ചികിൽസക്ക് ശേഷം ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുന്നു. ആശുപത്രികളിലെ ഗ്യാപ്പ് അനാലിസിസ് നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചാണ് കാന്‍സര്‍ ഗ്രിഡ് സ്ഥാപിച്ചത്.

Tags:    
News Summary - Cancer Grid- Veena George is the first in the state to make cancer diagnosis and treatment more efficient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.