എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം അർബുദ പ്രാരംഭ പരിശോധന ക്ലിനിക്ക്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം അർബുദ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന അർബുദ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അർബുദം പ്രാരംഭ ദശയില്‍തന്നെ കണ്ടെത്താനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്‍ററുകളെയും മെഡിക്കല്‍ കോളജുകളെയും ജില്ല, ജനറല്‍, താലൂക്കാശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപവത്​കരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. അർബുദ ബോധവത്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും ഇതിന്‍റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധന പദ്ധതി, അർബുദ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

വാര്‍ഷിക ആരോഗ്യ പരിശോധന പദ്ധതിയിലൂടെ 30 വയസ്സിന്​ മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ സംബന്ധിച്ചും വിവരശേഖരണം നടത്താന്‍ ആശാ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി​. ആദ്യ ഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതി നടപ്പാക്കുക. ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ജന്തുജന്യ രോഗങ്ങളുടെ കാരണം കണ്ടെത്താനുള്ള 'വണ്‍ ഹെല്‍ത്ത്'പദ്ധതിയുടെ ആദ്യ ഘട്ടം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷതവഹിച്ചു. ഡോ. രത്തന്‍ ഖേല്‍കര്‍, കെ. മുഹമ്മദ്​, വൈ. സഫീറുല്ല, ഡോ. എ. റംലാബീവി, ഡോ.കെ.എസ്. പ്രിയ, ഡോ.എം.എന്‍. വിജയാംബിക, ഡോ.വി.ആര്‍. രാജു എന്നിവർ പ​​ങ്കെടുത്തു.

Tags:    
News Summary - Cancer Early Diagnosis Clinic in all hospitals one day a week - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.