കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായതോടെ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ ലഹരിക്കെതിരായ പ്രസംഗവും ചർച്ചയാകുന്നു. വലിയ ആരാധകവൃന്ദമുള്ള റാപ്പറായ ഇയാൾ സർക്കാർ പരിപാടികൾക്ക് ഉൾപ്പെടെ നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന സഹകരണ എക്സ്പോയിലും ഇയാളുടെ പരിപാടിയുണ്ടായിരുന്നു.
പരിപാടി കാണാൻ വിദ്യാർഥികളുടെയും യുവാക്കളുടെയും വലിയ ഒഴുക്കായിരുന്നു. ബുധനാഴ്ച ഇടുക്കിയിൽ നടക്കാനിരിക്കുന്ന സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളിലും വേടന്റെ റാപ്പ് ഷോ ഉൾപ്പെടുത്തിയിരുന്നു. അറസ്റ്റിനെത്തുടർന്ന് പരിപാടി ഒഴിവാക്കി. മുമ്പ് ഇയാൾക്കെതിരെ മീടൂ ആരോപണവുമുണ്ടായിരുന്നു.
അറസ്റ്റോടെ ഈ വിഷയങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരുഭാഗത്ത് ലഹരിക്കെതിരായ ബോധവത്കരണം നടത്തുന്ന വേടൻ അതേ പ്രവൃത്തിക്ക് തന്നെ അറസ്റ്റിലാകുന്നത് ചൂണ്ടിക്കാട്ടി വിമർശിക്കുകയാണ് സമൂഹമാധ്യമ പോസ്റ്റുകൾ.
വോയ്സ് ഓഫ് വോയ്സ്ലെസ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനാണ് വേടൻ. മലയാള സിനിമയിലും ഗാനങ്ങളുമായെത്തിയതോടെ ആരാധകരുടെ എണ്ണം വർധിച്ചു. ഇതിനിടയിലാണ് ഇയാളുടെ കൊച്ചി വൈറ്റില കണിയാമ്പുഴയിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കണ്ടെത്തിയത്. ലഹരി ഉപയോഗിച്ചതായി വേടന് സമ്മതിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ട്രോളുകൾ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.