തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറിജയം. ഐ.എൻ.ടി.യു.സി നേതാവും ഹാർബർ വാർഡിലെ മുൻകൗൺസിലറുമായിരുന്ന കെ.എച്ച്. സുധീർഖാനാണ് 2902 വോട്ടുനേടി വിജയിച്ചത്. കഴിഞ്ഞ രണ്ടുതവണയായി എൽ.ഡി.എഫ് ജയിച്ച സീറ്റാണിത്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.
എൽ.ഡി.എഫ് സ്ഥാനാർഥിയായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എൻ. നൗഷാദ് 2819 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ജെ.പി നേതാവ് സർവശക്തിപുരം ബിനു 2437 വോട്ടുകൾ നേടി. സ്വതന്ത്ര സ്‍ഥാനാർഥിയായ ഹിസാൻ ഹുസൈൻ 494 വോട്ട് നേടിയപ്പോൾ എസ്.ഡി.പി.ഐയുടെ മാഹീന്‍. എസ് 33 വോട്ടും എ.എ.പിയുടെ സമിന്‍ സത്യദാസ് 31 വോട്ടും നേടി. അബ്ദുള്‍റഷീദ് (എൻ. എ. റഷീദ്) 118 വോട്ട്, വിജയമൂര്‍ത്തി 65, ഷാജഹാൻ 13 എന്നിങ്ങനെയാണ് മറ്റുള്ള സ്ഥാനാർഥികൾ നേടിയത്.
സ്വതന്ത്ര സ്ഥാനാർഥി അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ തലേദിവസം മരിച്ചതിനെത്തുടർന്നാണ് വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ഇന്നലത്തേക്ക് മാറ്റിയത്. ഒൻപതുപേരാണ് ആകെ മത്സരിച്ചത്. വെങ്ങാനൂർ വിപിഎസ്എച്ച്എച്ച്എസ് മലങ്കര സ്‌കൂളിലായിരുന്നു വോട്ടെണ്ണൽ.
പൊതുവെ സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ 69. 78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 13035 വോട്ടർമാരിൽ 8912 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 2025 നവംബർ പത്തു മുതൽ നേതാക്കളും പ്രവർത്തകരും വാർഡ് മുഴുവനും നടത്തിയ അരിച്ചു പെറുക്കലും കാടിളക്കിയുള്ള പ്രചാരണവും വോട്ടർമാരിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പോളിങ് ശതമാനം വെളിവാക്കിയത്.
വെങ്ങാനൂർ വി.പി.എസ് മലങ്കര സ്കൂളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 73.67 ശതമാനം രേഖപ്പെടുത്തിയപ്പോൾ തൊട്ടടുത്ത മുടിപ്പുരനട ഗവ: എൽ.പി സ്കൂളിൽ 71.85 ശതമാനവും രേഖപ്പെടുത്തി. വിഴിഞ്ഞം ഗവ: എൽ.പി.എസ് ഈസ്റ്റിലെ മൂന്നാം ബൂത്താണ് 56.9 ശതമാനവുമായി ഏറ്റവും പിന്നിലായത്. കോർപറേഷൻ സോണൽ ഓഫിസ് ബൂത്തിൽ 63. 41 ശതമാനവും, ശിശുമന്ദിരം 59.4, ഗവ: എൽ.പി.എസ് വെസ്റ്റ് 64.5, തെരുവ് ഗവ: എൽ.പി.എസ് 67.18, ഫിഷറീസ് സ്റ്റേഷൻ 70.2, സി.വി സ്മാരക ഗ്രന്ഥശാല 69.71, ഗവ: എൽ.പി.എസിൽ 70.2 ശതമാനവും പോളിങ് രേഖപ്പെടുത്തി. തീരദേശ മേഖലയിലെ ക്രൈസ്തവ, മുസ്‍ലിം വോട്ടുകളുടെ കുറവാണ് പോളിങ് ശതമാനത്തെ കാര്യമായി ബാധിച്ചത്. മത്സ്യബന്ധനത്തിനു പോയ നല്ലെരു വിഭാഗവും വിദേശത്തുപോയവരും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.