കാലിക്കറ്റ് വി.സി നിയമനം: സർക്കാറിനെ മറികടന്ന് ഗവർണറുടെ വിജ്ഞാപനം

തിരുവനന്തപുരം: സെർച് കമ്മിറ്റി അംഗം രാജിവെച്ചത് പരിഗണിക്കാതെ കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സർക്കാറിനെ മറികടന്ന് ചാൻസലറായ ഗവർണർ വിജ്ഞാപനമിറക്കി. ആദ്യമായാണ് വി.സി നിയമനത്തിന് രാജ്ഭവൻ നേരിട്ട് വിജ്ഞാപനമിറക്കുന്നത്.

സെർച് കമ്മിറ്റിയിലേക്ക് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിന്‍റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രഫ. എ. സാബു കഴിഞ്ഞ 31ന് രാജിവെച്ചിരുന്നു. ഇത് പരിഗണിക്കാതെ പ്രഫ. സാബുവിനെ നിലനിർത്തി സെർച് കമ്മിറ്റി രൂപവത്കരിച്ച രാജ്ഭവൻ വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പരിധിയിൽ വരുന്ന സർവകലാശാലകളിലെ വി.സി നിയമനത്തിന് വകുപ്പ് സെക്രട്ടറിയാണ് വിജ്ഞാപനമിറക്കുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നത്. വി.സി നിയമനത്തിൽ സർക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയതോടെ വിജ്ഞാപനമിറക്കൽ അധികാരവും തർക്കത്തിലായി. വിജ്ഞാപനമിറക്കാനുള്ള അധികാരം ചാൻസലർക്കാണെന്നാണ് രാജ്ഭവന്‍റെ അവകാശവാദം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജ്ഞാപനമിറക്കിയത്. അപേക്ഷകൾ ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ചിനകം രാജ്ഭവന്റെ വിലാസത്തിൽ ലഭിക്കണമെന്നാണ് വിജ്ഞാപനത്തിലുള്ളത്.

അതേസമയം, സെർച് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത് സർവകലാശാല പ്രഫ. എ. സാബുവിനെ അറിയിച്ചിരുന്നില്ല. രാജ്ഭവനിൽനിന്നുള്ള അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് അംഗത്വം രാജിവെക്കുന്നതായി അറിയിച്ച് കഴിഞ്ഞ 31ന് പ്രഫ. സാബു രാജ്ഭവനും കാലിക്കറ്റ് വി.സിക്കും കത്ത് നൽകിയത്. സെർച് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത് സാബുവിനെ അറിയിക്കാതെ വി.സി രാജ്ഭവനെ അറിയിക്കുകയും അതുപ്രകാരം വിജ്ഞാപനമിറക്കുകയുമായിരുന്നു.

കണ്ണൂർ വി.സി നിയമനത്തിനും രാജ്ഭവൻ നീക്കം നടത്തിയെങ്കിലും സെർച് കമ്മിറ്റിയിൽനിന്ന് സർവകലാശാല പ്രതിനിധി രാജിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കാലിക്കറ്റിലെ സെർച് കമ്മിറ്റി പ്രതിനിധിയും രാജിവെച്ചത്. സർക്കാറിനെ മറികടന്ന് രാജ്ഭവൻ വീണ്ടും വി.സി നിയമനത്തിനായി രംഗത്തിറങ്ങിയതോടെ ഗവർണർ-സർക്കാർ പോര് ശക്തിപ്പെടാനിടയുണ്ട്.

Tags:    
News Summary - Calicut VC appointment: Governor's notification bypasses government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.