കാലിക്കറ്റ് സര്‍വകലാശാല: മുന്‍ വി.സിയുടെ കാലത്തെ എസ്റ്റേറ്റ് പ്രവൃത്തി ക്രമക്കേട് വിജിലന്‍സിന് വിട്ടു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലത്ത് നടന്ന എസ്റ്റേറ്റ് പ്രവൃത്തിയിലെ ക്രമക്കേട് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എസ്റ്റേറ്റ് ഓഫിസര്‍ നിയമനം, പ്രവൃത്തി എന്നിവയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന വിവിധ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. നടപടി ക്രമം പാലിക്കാതെയാണ് എസ്റ്റേറ്റ് പ്രവൃത്തി നടന്നതെന്ന് സംസ്ഥാന ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടത്തെിയിരുന്നു. ഇതുവഴി സര്‍വകലാശാലക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്താണ് വിജിലന്‍സ് അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ശിപാര്‍ശ ചെയ്തത്. അധ്യാപക ബഹിഷ്കരണം കാരണം മുടങ്ങിയ ഡിഗ്രി രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് പുനരാരംഭിക്കും. മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപകര്‍ക്ക് പ്രതിഫലവും നല്‍കും. ക്യാമ്പിന്‍െറ നടത്തിപ്പിന് സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ.എം. നസീര്‍ (കോഴിക്കോട്, വയനാട്), ഡോ. സി.സി. ബാബു (തൃശൂര്‍), സി.പി. ചിത്ര (പാലക്കാട്), ഡോ. സി. അബ്ദുല്‍ മജീദ് (മലപ്പുറം) എന്നിവരെ വിവിധ ജില്ലകളിലേക്ക് ചുമതലപ്പെടുത്തി. 

സര്‍വകലാശാലയിലെ പബ്ളിക് റിലേഷന്‍ ഓഫിസര്‍ നിയമനം പി.എസ്.സിക്ക് വിടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ശ്രവണ വൈകല്യമുള്ള ജീവനക്കാര്‍ക്ക് യാത്രാ അലവന്‍സ് നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പാക്കും. സി.എച്ച് ചെയറിന് കെട്ടിടം പണിയുന്നതിനായി ഇ.അഹമ്മദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം കെ. വിശ്വനാഥന്‍ കണ്‍വീനറായ സമിതി പഠിക്കും. ബി.ബി.എ-എല്‍എല്‍.ബി (2011 മുതല്‍ പ്രവേശനം) യുടെ ഇന്‍േറണല്‍ പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ് ഫീസ് നിശ്ചയിക്കുന്നത് അക്കാദമിക് കൗണ്‍സിലിന് വിട്ടു. വയനാട് ചെതലയത്തെ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിന് ചുറ്റുമതില്‍ കെട്ടുന്നതിന് 15 ലക്ഷവും പരീക്ഷാഭവനില്‍ ലിഫ്റ്റ് വാങ്ങുന്നതിന് 13 ലക്ഷവും അനുവദിച്ചു. സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്ന പര്‍ച്ചേഴ്സ് കമ്മിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ ഡോ. എന്‍. ലിജീഷ്, വകുപ്പ് മേധാവി എന്നിവരെ ഉള്‍പ്പെടുത്തി. കമ്പ്യൂട്ടര്‍ ഇടപാടില്‍ ക്രമക്കേട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് നടപടി. 

Tags:    
News Summary - calicat university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.