സി.എ.ജി റിപ്പോര്‍ട്ട്: ഇടതു സര്‍ക്കാര്‍ മഹാമാരിയെ പോലും അഴിമതിക്കായി ഉപയോഗപ്പെടുത്തി- എസ്.ഡി.പി.ഐ

തിരുവനന്തപുരം: പി.പി.ഇ കിറ്റ് ഇടപാടില്‍ പൊതുഖജനാവിന് 10.23 കോടിയുടെ നഷ്ടം വരുത്തിയെന്ന സി.എ.ജി റിപ്പോര്‍ട്ട് കോവിഡ് മഹാമാരിക്കാലത്തെ അഴിമതിക്കും കൊള്ളക്കും ഇടതു സര്‍ക്കാര്‍ എങ്ങിനെയാണ് ഉപയോഗപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. 2020 മാര്‍ച്ച് 28ന് 550 രൂപക്ക് വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് 30ന് 1550 രൂപക്ക് വാങ്ങിയത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.

കുറഞ്ഞ വിലക്ക് പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കി വര്‍ധിച്ച തുകക്ക് വാങ്ങിയാണ് പൊതുഖജനാവിന് 10.23 കോടി രൂപയുടെ നഷ്ടം വരുത്തിയത്. ഇത് അഴിമതിയില്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇത്തരത്തില്‍ മഹാമാരിയുടെയും ദുരന്തങ്ങളുടെയും സഹാചര്യങ്ങളെ പോലും അഴിമതിക്കുള്ള അവസരമാക്കി മാറ്റുകയായിരുന്നു.

ഓഖി ദുരിതാശ്വാസ ഫണ്ട് പോലും കൈയിട്ടുവാരിയതിന്റെ ലജ്ജാകരമായ റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഇഷ്ടക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി നടത്തിയ കൊള്ളയുടെയും ധൂര്‍ത്തിന്റെയും ഇരകളാക്കപ്പെടുന്നത് സാധാരണക്കാരാണ്. നികുതി വര്‍ധിപ്പിച്ചും തൊട്ടതിനെല്ലാം സര്‍ചാര്‍ജ് ഈടാക്കിയും ധൂര്‍ത്തിനുള്ള ഫണ്ട് കണ്ടെത്തുകയാണ് ഇടതു സര്‍ക്കാര്‍. അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് അധര വ്യായാമം നടത്തുന്ന പിണറായി വിജയന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ സര്‍വമേഖലയിലും അഴിമതി കൊടികുത്തി വാഴുകയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അറിയിച്ചു.

Tags:    
News Summary - CAG Report: Left government used even pandemic for corruption- SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.