ഇംഗ്ലീഷ് പഠനം അധ്യാപകർക്കും; പരിശീലനം ആരംഭിച്ചതായി മന്ത്രി രവീന്ദ്രനാഥ്

തളിപ്പറമ്പ്: കേരളത്തിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ എല്ലാ അധ്യാപകരെയും ഇംഗ്ലീഷ് പറയാനും പഠിപ്പിക്കാനുമുള്ള പരിശീലനം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടിയെന്നും എന്നാൽ, ഇത് അത്ര അർഥത്തിൽ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ചുരുങ്ങിയത് പറയാനെങ്കിലും കേരളത്തിലെ വിദ്യാർഥികൾ പഠിക്കണം. ഇത് മൂന്നും എല്ലാ അധ്യാപകരെയും പഠിപ്പിക്കും അതിലൂടെ വിദ്യാർഥികളെയും. സംസ്ഥാനത്തെ വിദ്യാലയങ്ങൾ ത്രിമാനത്തിൽ നിന്ന് പിന്നിട്ട് ചതുർമാന സംവിധാനങ്ങൾ നടപ്പിലാക്കും. ഇതിനായി ഒന്നര ലക്ഷത്തോളം അധ്യാപകർക്ക് പരിശീലനം നൽകും. സമയാധിഷ്ടിതമാണ് ചതുർമാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

പഠനം സമഗ്രമാക്കുക എന്നതിലൂടെ അറിവ് പൂർണ്ണമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന് ആവശ്യമായ ഉപകരണങ്ങൾ നമ്മുടെ ക്ലാസ് മുറികളിൽ ആവശ്യമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും ഹൈടെക്ക് ആക്കി മാറ്റും. തളിപ്പറമ്പിനെ മാതൃകയാക്കിയാണ് കേരളത്തിൽ വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നത്. ഇതോടൊപ്പം ആലപ്പുഴ, നോർത്ത് കോഴിക്കോട് മണ്ഡലങ്ങളും കേരളത്തിന് മാതൃകയാണ്. നവംബറിൽ തന്നെ തളിപ്പറമ്പിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കി മാറ്റും. ഇതിന്റെ ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തി മാത്രമാണ് ഇനിയുള്ളത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി രവീന്ദ്രനാഥ് വ്യക്തമാക്കി.

 

Tags:    
News Summary - c ravindranath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.