ബസ് ചാർജ് മിനിമം എട്ടു രൂപ; മാർച്ച്​ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിപ്പിച്ചു. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴിൽനിന്ന് എട്ട്​ രൂപയായാണ് ഉയർത്തിയത്. സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആര്‍.ടി.സിയുടെയും നിരക്കിൽ വർധനവുണ്ട്​. ചൊവ്വാഴ്​ച ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാർശ ഇന്ന് ചേർന്ന  മന്ത്രിസഭയോഗം അംഗീകരിക്കുകയായിരുന്നു. പുതിയ നിരക്ക്​ മാർച്ച്​ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 

ഫാസ്​റ്റ്​ പാസഞ്ചറി​​ന്‍റെ നിരക്ക്​ 10 രൂപയിൽനിന്ന് 11 ആയും എക്സിക്യൂട്ടിവ്, സൂപ്പർ ഫാസ്​റ്റ്​ നിരക്ക് 13ൽനിന്ന് 15 രൂപയായും സൂപ്പർ ഡീലക്സ് നിരക്ക് 20ൽനിന്ന് 23 രൂപയായും ഹൈടെക്, ലക്ഷ്വറി ബസുകളുടെ നിരക്ക് 40ൽനിന്ന് 44 ആയും വോൾവോ നിരക്ക് 40ൽനിന്ന് 45 ആയാണ് ഉയർത്തിയത്. 

ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാകും. സിറ്റി ഫാസ്​റ്റിന് 68 പൈസയിൽനിന്ന് 75 പൈസയാകും. സൂപ്പർ ഫാസ്​റ്റിന് 77 പൈസയിൽനിന്ന് 85 പൈസയായും സൂപ്പർ ഡീലക്സിന് 90 പൈസയിൽനിന്ന് ഒരു രൂപയായും ഹൈടെക്- ലക്ഷ്വറി ബസുകൾക്ക് 1.10 രൂപയിൽനിന്ന് 1.20 രൂപയായും വോൾവോക്ക്​ 1.30ൽനിന്ന് 1.45 രൂപയായുമാകും ഉയരുക. 

അതേസമയം, വിദ്യാർഥികളുടെ മിനിമം ചാര്‍ജില്‍ വർധനയില്ല. മിനിമം ചാര്‍ജിനു ശേഷമുളള നിരക്കില്‍ വർധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാർഥികള്‍ക്കും കൂടും. ഇങ്ങനെകൂടു​മ്പോള്‍ അമ്പത് പൈസ വരെയുളള വർധന ഒഴിവാക്കും. വിദ്യാർഥികള്‍ക്ക് ഇളവ് ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ നിരാകരിച്ചു.  വിദ്യാർഥികള്‍ക്ക് 40 കി.മീ വരെയുളള യാത്രക്ക്​ പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വർധനവേ ഉണ്ടാകൂ.

മിനിമം നിരക്ക്​ 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്​ നീങ്ങുന്ന സാഹചര്യവും കെ.എസ്​.ആർ.ടി.സിയുടെ പ്രതിസന്ധിയും പരിഗണിച്ചാണ്​ നിരക്ക്​ വർധനക്ക്​ മ​ുന്നണി അംഗീകാരം നൽകിയത്​. ഇന്ധന വിലയിലും സ്പെയര്‍പാര്‍ട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന മൂലം ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ റിട്ട ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കാന്‍ തീരുമാനിച്ചത്.

നേരത്തേ നിരക്ക്​ വർധന ആവശ്യപ്പെട്ട്​ സമരരംഗത്തേക്കിറങ്ങാൻ തീരുമാനിച്ച ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ അവർ നിരക്ക്​ വർധന ആവശ്യപ്പെട്ടിരുന്നു. നിരക്ക്​ വർധിപ്പിക്കേണ്ട സാഹചര്യമാ​െണന്ന്​ മുഖ്യമന്ത്രി നിയമസഭയിലുൾപ്പെടെ വ്യക്തമാക്കുകയും ചെയ്​തിരുന്നു. 

മന്ത്രിസഭയുടെ മറ്റു തീരുമാനങ്ങൾ
നിയമസഭാ സമ്മേളനം ഫിബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും. കേരള ഹൈക്കോടതി ജീവനക്കാരൂടെ പത്താം ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.

കെ.ബിജുവിന്​ പകരം എ. അലക്സാണ്ടറിനെ ലേബര്‍ കമ്മിഷണര്‍ ആയി നിയമിക്കും. കെ. ബിജുവിനെ വ്യവസായ വകുപ്പ് ഡയറക്ടറായും നിലവില്‍ വ്യവസായ ഡയറക്ടറായ കെ.എന്‍. സതീഷിനെ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കും. 

Tags:    
News Summary - Bus fare increase-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.