സർഗാത്മക ചിത്രം
തിരുവനന്തപുരം: കരുംകുളത്ത് ഈസ്റ്റർ ആരാധനക്ക് പോയ രണ്ട് കുടുംബങ്ങളുടെ വീടുകളിൽ കവർച്ച. ലക്ഷക്കണക്കിന് രൂപയും 17.5 പവൻ സ്വർണവും മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും സംശയം തോന്നിയ വാഹനങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.
പുല്ലുവിള പഴയതുറ പുരയിടത്തിൽ മിനിയുടെയും സമീപവാസിയായ ബ്രിജിറ്റിന്‍റെയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മിനിയുടെ വീട്ടിൽ നിന്ന് 17.5 പവൻ സ്വർണാഭരണങ്ങളും 6,65000 രൂപയും ബ്രിജിറ്റിന്‍റെ വീട്ടിൽനിന്ന് രണ്ട് ഗ്രാം സ്വർണവും 500 രൂപയുമാണ് കവർന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് മിനിയും ഭർത്താവ് പത്രോസും മൂന്ന് മക്കളുമായി ഈസ്റ്റർ ആരാധനക്കായി പുല്ലുവിളയിലെ ദേവാലയത്തിൽ പോയത്. പുലർച്ചെ രണ്ടുമണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പുറകുവശത്തെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാര പൊളിഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. മൂന്ന് ജോഡി കൊലുസുകൾ, ഒരു നെക്‌ലെസ്, ഒരു മാല, മൂന്ന് ബ്രേസ്‌ലെറ്റുകൾ, ഒരു ജോഡി കമ്മൽ, ആറ് മോതിരം, രണ്ടു മാലകൾ, ഒരു വള എന്നിവയും അടുത്ത കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ജോഡി കമ്മലും ഉൾപ്പെടെ പതിനേഴര പവനും 665000 രൂപയും നഷ്ടമായി.
സമീപവാസിയായ ബ്രിജിറ്റും ഭർത്താവ് റോബിനും കുടുംബവും രാത്രി 11.30നാണ് ആരാധനക്കായി പള്ളിയിലെത്തിയത്. പുലർച്ചെ ഒന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയിലെ ആഭരണപ്പെട്ടി കട്ടിലിൽ തുറന്നുകിടക്കുന്നതായി കണ്ടു. പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുഗ്രാം തൂക്കമുള്ള രണ്ട് മോതിരവും 500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
രണ്ട് വീടുകളിലും അടുക്കളവാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രി ആരാധനക്കായി സമീപത്തെ വീടുകളിലെ എല്ലാവരും പോയിരുന്ന തക്കം നോക്കിയാണ് മോഷണ ശ്രമം. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.