ബജറ്റ് അവഗണന: അതൃപ്തി പരസ്യമാക്കി സി.പി.ഐ

തിരുവനന്തപുരം: ബജറ്റ് അവഗണനയിലെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാർ കടുത്ത ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ചില വിഷയങ്ങളിൽ കുറച്ചുകൂടി ചെയ്യാൻ കഴിയേണ്ടിയിരുന്നെന്ന് ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ മേഖലയും ക്ഷേമ പെൻഷനുമെല്ലാം ഇതിനുദാഹരണമാണ്.

സർക്കാറിന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം മൂലമാണ് സാധിക്കാത്തത്. പക്ഷേ, ജനങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നും ബിനോയ് വിശദീകരിച്ചു. അതേസമയം, വിദേശ സർവകലാശാലകളെ കുറിച്ചുള്ള ചോദ്യത്തിൽനിന്ന് സെക്രട്ടറി ഒഴിഞ്ഞുമാറി. വിദേശ സർവകലാശാലയല്ല സി.പി.ഐയുടെ അടിയന്തര വിഷയം. നയവ്യതിയാനത്തെക്കുറിച്ചെല്ലാം ചർച്ച ചെയ്യാൻ എൽ.ഡി.എഫിന് വേദികളുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ബജറ്റിലെ അവഗണനക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സി.പി.ഐ എക്സിക്യുട്ടിവിലും കൗൺസിലിലും രൂക്ഷവിമർശനം ഉയർന്നിരുന്നു.

പറയേണ്ട വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം കാര്യങ്ങൾ പുറത്ത് പോകരുതെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റ നിലപാട്. നേതൃയോഗങ്ങളിലെ കനത്തവിമർശനങ്ങൾക്കിടയിലും പരസ്യപ്രതികരണത്തിൽ ബിനോയ് വിശ്വം നിലപാട് മയപ്പെടുത്തിയതിന് കാരണമിതാണ്. അതേസമയം, വിഷയത്തിൽ എം.വി. ഗോവിന്ദനുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. ബജറ്റ് ചർച്ച തുടങ്ങാനിരിക്കെ സി.പി.ഐ പ്രതിനിധികൾ നിയമസഭയിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തിൽ പർലമെന്‍ററി പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കാനാണ് നേതൃത്വത്തിന്‍റെ നിർദേശം.

വിദേശ സർവകലാശാല വിഷയത്തിൽ യാതൊരു കൂടിയാലോചനയുമില്ലാതെ അപ്രതീക്ഷിതമായാണ് ‘അസാധാരണ’ തീരുമാനമുണ്ടായതെന്ന് കൗൺസിലിൽ വിമർശനമുയർന്നു. പ്രത്യക്ഷത്തിലുള്ള നയവ്യതിയാനം എന്ന വ്യാഖ്യാനമുണ്ടായാലും തെറ്റുപറയാനാവില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Budget neglect: CPI makes public displeasure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.