ബജറ്റ് വെള്ളിയാഴ്ച; നികുതി വർധിക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ നികുതി വർധനക്ക് സംസ്ഥാന ബജറ്റിൽ നിർദേശമുണ്ടാകും. കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളിൽ കഴിഞ്ഞ വർഷം നികുതി വർധിപ്പിച്ചിരുന്നില്ല. ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്താനാകില്ലെങ്കിലും മറ്റ് നികുതികളും നികുതിയേതര വരുമാനവും വർധിപ്പിക്കാൻ നടപടിയുണ്ടാകും. വെള്ളിയാഴ്ചയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ത‍ന്‍റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുക.

ക്ഷേമ പെൻഷൻ വർധന, സാമൂഹിക ക്ഷേമത്തിന് മറ്റ് പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുന്നു. കാർഷിക-വ്യവസായ മേഖലകളിൽ കൂടുതൽ വരുമാനമുണ്ടാക്കാൻ നടപടി വന്നേക്കും. തൊഴിൽ രംഗത്ത് പുതിയ പദ്ധതികൾ വരും. ഭൂമിയുടെ ന്യായവില ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ട്. ന്യായവില 10 ശതമാനത്തിൽ കുറയാതെ വർധിച്ചേക്കും. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ധനമന്ത്രി സൂചന നൽകി. ചെലവ് നിയന്ത്രണത്തിന് കൂടുതൽ നടപടി വരും.

വരുമാന വർധന നടപടികൾ അനിവാര്യമെന്നാണ് ധനവകുപ്പ് നിലപാട്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വിഹിതത്തിൽ ഇക്കൊല്ലം വൻ കുറവ് വരും. ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി നിലക്കും. കേന്ദ്ര വിഹിതത്തിൽ വൻ കുറവും വരും. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗത്ത് വലിയ ആഘാതം സൃഷ്ടിക്കും. കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഉപാധികളോടെ അനുവദിച്ച കടമെടുപ്പിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. നികുതി വർധന വരുമെങ്കിലും ജനങ്ങളുടെ ബിസിനസിനെയോ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലാകില്ലെന്നാണ് ധനവകുപ്പ് സൂചന നൽകുന്നത്.

Tags:    
News Summary - Budget Friday; Taxes will increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.