കൊച്ചി: നിർത്തലാക്കിയ കായികപ്രവർത്തനങ്ങളും പരിശീലനവും പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ജീവനക്കാർക്ക് പരിശീലന വേളയിൽ നൽകുന്ന അലവൻസും ബി.എസ്.എൻ.എൽ നിർത്തലാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി അലവൻസ് നിർത്തി തിങ്കളാഴ്ച ഉത്തരവിറങ്ങി.
ഡെപ്യൂട്ടേഷനിൽ വന്നവർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടിവ് വിഭാഗത്തിനും നോൺ-എക്സിക്യൂട്ടിവ് ജീവനക്കാർക്കും വർഷങ്ങളായി നൽകിവന്നിരുന്ന അലവൻസാണ് ഇല്ലാതാക്കിയത്. ബി.എസ്.എൻ.എൽ പരിശീലനകേന്ദ്രങ്ങളിൽ നൽകിവന്നിരുന്ന അലവൻസ് നിർത്തുന്നുവെന്നും കമ്പനിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാൽ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കുമെന്നുമാണ് ഉത്തരവിലുള്ളത്. എന്നാൽ, വർഷങ്ങൾക്കുശേഷം ലാഭത്തിൽ പ്രവേശിച്ചുവെന്ന് പറയുന്ന കമ്പനിയാണ് പ്രതിസന്ധികാലത്തും മുടങ്ങാതിരുന്ന അലവൻസ് ഇല്ലാതാക്കുന്നതെന്ന് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏപ്രിൽ അവസാനം കായികപ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ജോലിസമയത്തിലെ ഇളവും അവസാനിപ്പിച്ചിരുന്നു. സംസ്ഥാന, ദേശീയ, അന്തർദേശീയ ടൂർണമെന്റുകളിൽ ഉൾപ്പെടെ ബി.എസ്.എൻ.എൽ ടീമുകൾ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു ഉത്തരവ്. ഇതിനൊപ്പം, കായിക പരിശീലനത്തിനായി ദിവസവും രണ്ടുമുതൽ നാലുവരെ മണിക്കൂർ ജോലിസമയത്തിൽ നൽകിയ ഇളവും പിൻവലിച്ചു. പുറത്തുള്ള ടീമുകൾ ക്ഷണിച്ച് ആരെങ്കിലും പങ്കെടുക്കുന്നപക്ഷം സ്വന്തം ചെലവിൽ പോകേണ്ടിവരുമെന്നും അതിന് അവധി അനുവദിക്കുന്നത് പരിശോധനക്കുശേഷം മാത്രമായിരിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.
കായിക പരിശീലനവും കായിക ഇനങ്ങളിൽ പങ്കാളിത്തവുമില്ലാതിരിക്കുന്നത് ബി.എസ്.എൻ.എല്ലിലെ കായികതാരങ്ങളുടെ ഫിറ്റ്നസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ സംഘടനകൾ സി.എം.ഡി ഉൾപ്പെടെയുള്ള അധികൃതരെ പലതവണ ഓർമിപ്പിച്ചെങ്കിലും നടപടി ഇതുവരെ പിൻവലിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.