ജഡ്ജിമാർക്ക് വേണ്ടി കൈക്കൂലി: അഡ്വ. സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയെന്ന കേസിൽ ഹൈകോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്‍റ് സൈബി ജോസ് കിടങ്ങൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്നു ദിവസം മുമ്പ് എറണാകുളം പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണം ചോദ്യം ചെയ്യലിൽ സൈബി ജോസ് നിഷേധിച്ചു. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണത്തെ കാണുന്നത്. ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയിട്ടില്ല. വക്കീൽ ഫീസ് മാത്രമാണ് വാങ്ങിയത്. ഇതിനെയാണ് കൈക്കൂലിയായി ചിത്രീകരിച്ചതെന്നും സൈബി മൊഴി നൽകിയതായാണ് വിവരം.
ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഡോ. ദർവേഷ് സാഹിബിന്‍റെ മേൽനോട്ടത്തിൽ ആലപ്പുഴ യൂനിറ്റ് എസ്.പി കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ഹൈകോടതി ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ പലരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ പ്രഥമ വിവര റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു. ജഡ്‌ജിമാർക്കെന്ന വ്യാജേന ഇയാൾ 2020 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ പണം വാങ്ങിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കക്ഷികളെയും എതിർകക്ഷികളെയും വഞ്ചിച്ച് അന്യായ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പണം വാങ്ങിയത്. എത്ര തുകയുടെ ഇടപാടുകളാണെന്നോ ആരുമായാണ് ഇടപാടുകള്‍ നടത്തിയതെന്നോ ഇതിലില്ല. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമനാണ് എഫ്.ഐ.ആറിലെ പരാതിക്കാരന്‍. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.