ശ്രീലേഖയുടെ രാജി; തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പി ഭരണം തുലാസിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം മുൻ ഡി.ജി.പി കൂടിയായ ആർ. ശ്രീലേഖ അപ്രതീക്ഷിതമായി രാജി കത്ത് നൽകിയതോടെ തലസ്ഥാനത്ത് ബി.ജെ.പി നേതൃത്വം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബി.ജെ.പി കൗൺസിലറായ ശ്രീലേഖ, മേയർ വി.വി. രാജേഷിന്റെ ഓഫീസിലെത്തി നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്. രാജി ഔദ്യോഗികമായി സാധുവായിട്ടില്ലെങ്കിലും ബി.ജെ.പി പാളയത്തിൽ വലിയ ആശങ്കയാണ് ഉടലെടുത്തിട്ടുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭരണം തള്ളിനീക്കിയിരുന്ന ബി.ജെ.പിക്ക് ഈ പെട്ടെന്നുള്ള രാജി വലിയ തിരിച്ചടിയാവുകയാണ്.

101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചിരുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണ്ടതിനാൽ, വിജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളുടെ പിന്തുണയോടെ 51 ഉറപ്പാക്കിയാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്. എന്നാൽ ആർ. ശ്രീലേഖയുടെ രാജിയോടെ ബി.ജെ.പിയുടെ സ്വന്തം അംഗബലം 49 ആയി കുറഞ്ഞു. നിലവിൽ എൽ.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണ് കൗൺസിലിലുള്ളത്. കൂടാതെ മറ്റൊരു ബി.ജെ.പി കൗൺസിലറായ സുഗതൻ ജയിലിലായതും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ബി.ജെ.പിക്ക് സ്വന്തമായി 49 സീറ്റുകൾ മാത്രമുള്ള സാഹചര്യത്തിൽ, ഇനി ഒരു സ്വതന്ത്രന്റെ പിന്തുണ ലഭിച്ചാൽ പോലും കേവല ഭൂരിപക്ഷ തികയ്ക്കാൻ വേണ്ട 51 എന്ന സംഖ്യയിലെത്താൻ കഴിയില്ല. ഇതിനാൽ തന്നെ ഭരണസമിതിയുടെ നിലനിൽപ്പ് പൂർണ്ണമായും അപകടത്തിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തന്നെ മേയറാക്കാത്തതിൽ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മേയർ പദവിയെച്ചൊല്ലിയും പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളോടും അവർ പല വിഷയങ്ങളിലും പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും അവർക്ക് മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചിരുന്നുള്ളൂ. അന്ന് പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടാൻ ശ്രീലേഖയ്ക്ക് കഴിഞ്ഞില്ലെന്ന വിമർശനം പാർട്ടിനുള്ളിൽ ഉയരുകയും ഇത് ഇരുകൂട്ടരും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. പാർട്ടി നേതൃത്വവുമായുള്ള ആഭ്യന്തര തർക്കങ്ങൾ ഒടുവിൽ രാജിയിലേക്ക് എത്തിയതോടെ തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ഭരണം പൂർണ്ണമായും അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തിൽ ബി.ജെ.പി നേതൃത്വത്തിൽ ചർച്ചകൾ തുടരുമ്പോഴും, കോർപറേഷനിലെ ഭരണം ഇനി എങ്ങോട്ട് തിരിയുമെന്നത് ചോദ്യചിഹ്നമായി തുടരുകയാണ്.

Tags:    
News Summary - R Sreelekha Resigns: BJP Rule in Thiruvananthapuram Corporation Faces Political Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.