കോഴിക്കോട്: വലിയങ്ങാടിയിലെ ഓരോ മണൽത്തരിക്കും സുപരിചിതമായ ഒരു കാൽപാദമുണ്ടെങ്കിൽ അത് പാത്തുമ്മയുടേതായിരിക്കും. ജനിച്ചതു മുതൽ ഈ അങ്ങാടിയുടെ ഭാഗമായ ഇവർക്ക് കണ്ണിലിരുട്ടു നിറഞ്ഞ ജീവിതസായാഹ്നത്തിലും ഇവിടം വിടാൻ മനസ്സില്ല. അങ്ങാടിയുടെയും കോഴിക്കോട് നഗരത്തിെൻറയും 60 വർഷത്തെ ചരിത്രവും വർത്തമാനവും 70 കഴിഞ്ഞ ഓർമകളിൽ ഭദ്രം. തൊഴിലാളികളെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും പറയുമ്പോൾ ഇവർക്ക് നൂറുനാവ്.
വലിയങ്ങാടിയിലെ അരിക്കച്ചവടത്തിനിടയിൽ ചിതറിവീഴുന്ന അരി പെറുക്കി ചേറിയെടുത്താണ് അന്നം കണ്ടെത്തിയിരുന്നത്. വലിയങ്ങാടിയിലെ അട്ടിമറിത്തൊഴിലാളിയുടെ മകളായി കുത്തുകല്ലിൽ ജനിച്ച പാത്തുമ്മ മാതാപിതാക്കൾക്കൊപ്പം ഈ അങ്ങാടിയിൽ പിച്ചവെച്ചുവളർന്നു. മാതാവ് ചെയ്യുന്നതുകണ്ട് അരി പെറുക്കാനും ചേറാനും തുടങ്ങി. രണ്ടാം ക്ലാസുവരെ കുണ്ടുങ്ങലിലെ സ്കൂളിൽ പഠിച്ചു. 13ാം വയസ്സിൽ തലച്ചോറിലെ ഞരമ്പിനുണ്ടായ പ്രശ്നംകാരണം പാത്തുമ്മയുടെ കണ്ണിെല പ്രകാശം പതിയെ മങ്ങുകയായിരുന്നു.
പിന്നീട് വലിയങ്ങാടിയിലെ അട്ടിമറിക്കാരൻതന്നെയായ അബ്ദുല്ലയെ വിവാഹം ചെയ്തു. പ്രസവിച്ചയുടൻ മകൻ മരിച്ചു. പിന്നീട് ഭർത്താവും. പിന്നെ ജീവിതത്തിൽ ഏകയായി. കുത്തുകല്ലിലുണ്ടായിരുന്ന വീട് ഒരു കേസിലകപ്പെട്ട് നഷ്ട്ടപ്പെട്ടു. സർക്കാർ നിർമിച്ചുകൊടുത്ത മണ്ണൂരിലെ വീടിെൻറ ആധാരം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് പാത്തുമ്മ അന്തിയുറക്കവും അങ്ങാടിയിലാക്കിയത്. വലിയങ്ങാടിയിലെ ഒരു മൂലയിലെ ചായ്പ്പിലാണ് ഇപ്പോൾ താമസം.
വാർധക്യത്തിെൻറ അവശതകളിൽ അരിചേറാനൊന്നും കഴിയാത്ത പാത്തുമ്മ സുമനസ്സുകളുടെ കാരുണ്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. ആരും ഒന്നും നൽകാത്ത ദിവസങ്ങളിൽ പട്ടിണിയാണ് കൂട്ട്. അസുഖങ്ങളുമുണ്ട്. മരുന്നെത്തിക്കുന്നതും മറ്റ് സഹായങ്ങൾ ചെയ്യുന്നതും ഈ അങ്ങാടിയിലെ തൊഴിലാളികളാണ്. അർഹതയുണ്ടെങ്കിലും സർക്കാർ ആനുകൂല്യമൊന്നും കിട്ടുന്നില്ല.
എരഞ്ഞിപ്പാലത്തും പട്ടാമ്പിയിലുമുള്ള അകന്ന ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോവാൻ വരുമെങ്കിലും ഇവർ പോവാൻ തയാറല്ല. ‘ജനിച്ചു വളർന്നത് ഇവിടെയാണ്, ഈ അങ്ങാടിയിൽത്തന്നെ കിടന്നു മരിക്കണമെന്നാണ് ആഗ്രഹം’ -ചെറുചിരിയോടെ വലിയങ്ങാടിയുടെ സ്വന്തം പാത്തുമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.