മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വോട്ടുതള്ളിക്കൽ ഓപറേഷൻ

കാസർകോട്: ബി.ജെ.പി നേരിയ വോട്ടുകൾക്ക് തോൽക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രത്യേകവിഭാഗത്തിന്റെ വോട്ടുതള്ളിക്കാൻ ബി.ജെ.പിയുടെ പ്രത്യേക ഓപറേഷനുണ്ടെന്ന സംശയം ബലപ്പെടുന്നു. ബി.ജെ.പി നേതാവ് ലോകേഷ് നോണ്ട നൽകിയ പരാതിയിൽ ‘ഇന്ത്യക്കാരനല്ല’ എന്ന കാരണം രേഖപ്പെടുത്തിയത് ഇതിന്റെ ക്രൂരമായ മുഖംവെളിപ്പെടുത്തുകകൂടി ചെയ്യുന്നു. നിയോജകമണ്ഡലത്തിൽ ബി.ജെ.പി ചില ഉദ്യോഗസ്ഥൻമാരെ കൂട്ടുപിടിച്ചാണ് ഈ നീക്കമെന്നും സംശയിക്കുന്നു.

1960 ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടർസ് ചട്ടത്തിലുള്ള വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനുള്ള ഫോം ഏഴിനെ ദുരുപയോഗം ചെയ്താണ് ബി.ജെ.പി നീക്കം. പൈവളികെ പഞ്ചായത്തിലെ 128ാം ബൂത്തായ എസ്.ആർ.എ.എൽ.പി സ്കൂൾ ബൂത്തിൽ കാലങ്ങളായി വോട്ട് ചെയ്തു വരുന്ന നബീസ(75), മുഹമ്മദ്‌ (55), മൊഹ്സീന സുനൈഫ, അസ്മ, സഫിയ, സുബൈദ, കദീജത്ത് കുബ്ര തുടങ്ങിയ ഏഴോളം പേരുടെ വോട്ട് തള്ളണമെന്നാണ് ഇതേ ബൂത്തിലെ വോട്ടറായ ബി.ജെ.പി ജില്ല സെക്രട്ടറി ലോകേഷ് നോണ്ടയുടെ അപേക്ഷ. ഇവർ ഇന്ത്യൻ പൗരന്മാർ അല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഫോം ഏഴ് ദുരുപയോഗം ചെയ്ത് വോട്ട് നീക്കം ചെയ്യാൻ പരാതി നൽകിയാൽ അവർ അർഹരല്ലെന്ന് തെളിയിക്കേണ്ടത് പരാതിക്കാരൻ തന്നെയാണ് എന്നതാണ് ചട്ടം. എന്നാൽ പൊതുസമൂഹത്തിന്റെ മുന്നിൽ ഇന്ത്യക്കാരനല്ല എന്ന് ആക്ഷേപിക്കുക എന്ന തന്ത്രം ഇതിനുപിന്നിലുണ്ട് എന്നുംസംശയിക്കുന്നു.

നേരെത്തെ തന്നെ ചില ബി.എൽ.ഒമാർ ഒരു വിഭാഗത്തിന്റെ വോട്ട് തള്ളിക്കാനും ആകാരണമായി അപേക്ഷകൾ നിരസിക്കുന്നതും പതിവാക്കിയിരുന്നു. മഞ്ചേശ്വരത്ത് മാത്രം ഈ പ്രവണതയുണ്ടായപ്പോൾ കലക്ടർക്ക് പരാതി നൽകിയിരുന്നു. ബി.എൽ.ഒ വെരിഫിക്കേഷൻ കഴിഞ്ഞ അപേക്ഷകൾ കലക്ടറേറ്റിൽനിന്ന് ഫോട്ടോയുടെ പശ്ചാത്തലത്തിന്റെ പേരിലും ചില ഡോക്യുമെന്റിലെ ചെറിയ തെളിച്ചമില്ലായ്മയുടെ പേരിലും അപേക്ഷകൾ തള്ളുന്ന പ്രവണത വ്യാപകമായിരുന്നു. ഇത് വേണ്ടത്ര വിജയിക്കാതായപ്പോഴാണ് ‘ഇന്ത്യക്കാരനല്ല എന്ന നിലയിൽ ക്രൂരമായ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഉത്തരേന്ത്യൻ മാതൃകയിലെ വംശീയ പുറന്തള്ളലിനുള്ള നീക്കമാണ് നടത്തുന്നതെന്ന സംശയവും ബലപ്പെടുന്നു. മഞ്ചേശ്വരം എം.എൽ.എ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - BJP's vote-rejection operation in Manjeshwaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.