മന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി; തടഞ്ഞ് സി.പി.ഐ പ്രവർത്തകർ, സംഘർഷാവസ്ഥ

ആലപ്പുഴ: കൃഷി മന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത് സി.പി.ഐ പ്രവർത്തകരെത്തി തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. പൊലീസ് എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

കാവിക്കൊടിയേന്തിയ ഭാരതമാതാവിന്‍റെ ചിത്രം സ്ഥാപിച്ചത് ചൂണ്ടിക്കാട്ടി രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണത്തിൽ നിന്ന് മന്ത്രി പി. പ്രസാദ് പിന്മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയുടെ പ്രതിഷേധം. 

ആർ.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടി മാറ്റി ത്രിവർണപതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കണമെന്നായിരുന്നു സർക്കാർ നിലപാട്. ആർ.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ, മന്ത്രിയുടെ ആവശ്യം ഗവർണർ അംഗീകരിച്ചിരുന്നില്ല. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ തന്നെ രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷം നടത്തുകയും ചെയ്തിരുന്നു. ഭാരതാംബ രാജ്യത്തെിന്റെ പ്രതീകമാണെന്ന് ഗവർണർ പറഞ്ഞു. മന്ത്രിമാർ രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷത്തിൽ നിന്നും വിട്ടുനിന്നതിനെ ഗവർണർ വിമർശിച്ചു. മന്ത്രിമാർക്ക് വരാൻ കഴിയാത്ത എന്ത് പ്രശ്നമാണ് ഉള്ളതെന്നും ഗവർണർ ചോദിച്ചിരുന്നു. 

Tags:    
News Summary - BJPs protest with a picture of Bharathamba in front of Minister P. Prasad's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.