തെര.കമ്മീഷന്‍ കത്തിലെ ബി.ജെ.പി സീൽ: പോസ്റ്റുകൾ സാമുദായിക ഐക്യത്തിന് ഭീഷണിയെന്ന്; കൂട്ട നോട്ടീസ് അയച്ച് പൊലീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ ബി.ജെ.പിയുടെ സീൽ പതിച്ചത് ദേശീയ തലത്തിൽ വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്ക് കൂട്ടത്തോടെ നോട്ടീസ് അയച്ച് കേരള പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശപ്രകാരമാണെന്ന് നടപടിയെന്നാണ് പൊലീസ് പറയുന്നത്. ഔദ്യോഗിക വിശദീകരണം വന്നിട്ടും തുടരുന്ന ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നാണ് കമ്മീഷന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് നോട്ടീസ്. 270 എക്സ് (ട്വിറ്റർ) ഹാൻഡിലുകൾക്കും 200 ഫെയ്സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പൊലീസ് നോട്ടീസ് നൽകി.

തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര, യുപിയിലെ മാധ്യമപ്രവർത്തകൻ പീയുഷ് റായ് എന്നിവർക്കും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. പൊലീസിന്റെ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മഹുവാ മൊയ്ത്ര നടപടിയെ രൂക്ഷമായി പരിഹസിച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്ന നോട്ടീസിലെ പരാമർശത്തെയാണ് അവർ പ്രധാനമായും വിമർശിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീ‍യ പാർട്ടികള്‍ക്ക് കമ്മീഷൻ നൽകിയ കത്തിൽ ബി.ജെ.പിയുടെ സീൽ വന്നത് വൻ വിവാദത്തിനിടയാക്കിയിരുന്നു.സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമീഷന്‍. അഡീഷനല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും സ്പെഷല്‍ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷ ചുമതല.

വീഴ്ചയുണ്ടെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിൽ കമീഷന് ഒന്നും ഒളിക്കാനില്ല. സംഭവം ഗുരുതര വീഴ്ചയായാണ് കമീഷൻ കാണുന്നത്. പിഴവ് കണ്ട ഉടൻതന്നെ തിരുത്തി പരിഷ്കരിച്ച സർക്കുലർ എല്ലാവർക്കും ലഭ്യമാക്കി. ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിക്കുന്നതിനുള്ള മാര്‍ഗനിർദേശം ആവശ്യപ്പെട്ട് ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നല്‍കിയിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ 2019ലെ കത്തിന്റെ പകര്‍പ്പും അവർ വെച്ചിരുന്നു. ഇതില്‍ ബി.ജെ.പി സീല്‍ പതിപ്പിച്ചിരുന്നു. ഇതാണ് കമീഷന്‍റെ പുതിയ അറിയിപ്പിന് പകരം തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചത്. കത്ത് സി.പി.എം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. തുടര്‍ന്നാണ് സെക്രട്ടേറിയേറ്റില്‍നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.

Tags:    
News Summary - BJP seal: Police sends mass notice, says posts are a threat to communal harm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.