പുത്യാപ്ലയ്ക്കായി സി.പി.എമ്മിനെ പിണറായി 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്ലി'മാക്കി മാറ്റി- അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ പിണറായി വിജയന് പദ്ധതിയുണ്ടെന്നും ഇതിനായി സിപിഎമ്മിനെ 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്ലിമാ'ക്കി മാറ്റുകയാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി കണ്ണൂര്‍ ജില്ല കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏറ്റവും വലിയ അഴിമതി ഭരണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സ്പ്രിംക്‌ളര്‍, ലൈഫ്മിഷന്‍, ലാവലിന്‍, ഡോളര്‍ക്കടത്ത്, സ്വര്‍ണക്കടത്ത്, എന്തിനേറെ പറയുന്നു റിവേഴ്‌സ് ഹവാല കണ്ടുപിടിച്ച ആളാണ് പിണറായി വിജയന്‍. ഏറ്റവും അവസാനമായി എ.​​ഐ ക്യാമറയിലും അഴിമതി നടത്തി.

അഴിമതികളുടെ നദികളെല്ലാം ഒഴികിയെത്തി ക്ലിഫ് ഹൗസ് ഒരു അഴിമതി മഹാസമുദ്രമായി മാറി. മകളും മകനും കുടുംബവും അഴിമതിക്ക് കൂട്ട് നില്‍ക്കുന്നു. പണ്ട് അഴിമതി നടത്തിയാല്‍ പാര്‍ട്ടി അക്കൗണ്ടിലേക്ക് പണം വരുമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി പിണറായിയുടേതായി മാറിയപ്പോള്‍ അദ്ദേഹത്തിന്റെ പണം മുഴുവന്‍ കുടുംബത്തിലേക്കാണ് വരുന്നത്. കുടുംബത്തിലേക്ക് ഒരു പുതിയ പുതിയാപ്ലയെ കൊണ്ടുവന്നിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലും ടൂറിസം വകുപ്പിലും റിയാസിനെ ഉപയോഗിച്ച് എല്ലാ അഴിമതിക്കും കൂട്ടുനില്‍ക്കുകയാണ് പിണറായി.

റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ പിണറായിക്ക് പദ്ധതിയുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റിനെ പുതിയാപ്ലയ്ക്കുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്ലിം ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ഇസ്ലാമിക തീവ്രവാദി ജിഹാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

മുഹമ്മദ് റിയാസ് എന്ന പുതിയാപ്ലയെ പിണറായിക്ക് ശേഷം വാഴിക്കാമെന്നാണ് പൂതിയെങ്കില്‍ ആ പൂതി നടക്കില്ല. അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റമുണ്ടാവില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് പിണറായി സര്‍ക്കാര്‍. ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത നിലയിലാണ് വിലകയറ്റം. ഈ ദുര്‍ഭരണത്തിനെതിരെ ശക്തമായ വികാരം നാട്ടിലെ ജനങ്ങള്‍ക്കിടയിലുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

Tags:    
News Summary - BJP National Vice President A.P. AP Abdullakutty against the Chief Minister.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.