ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം കമ്യൂണിസ്റ്റ് കുടുംബങ്ങളെന്ന് എം.ടി. രമേശ്

കോഴിക്കോട്: ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ജിഹാദി പ്രവര്‍ത്തനത്തിന്‍റെ ഇരകളായ നിമിഷയും അഖിലയും കമ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവരാണ്. കേരളത്തില്‍ മുസ് ലിം ലീഗ് -സി.പി.എം -ജിഹാദി അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്. ജിഹാദികള്‍ക്ക് ലീഗും സി.പി.എമ്മും ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്യുകയാണ്. ഇതിനായി പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശുകയാണെന്നും രമേശ് ആരോപിച്ചു. ഹാദിയ കേസില്‍ ബി.ജെ.പി. കക്ഷി ചേരില്ല. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളാണ് കേസിലെ കക്ഷികള്‍. അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ബി.ജെ.പി. ഉദ്ദേശിക്കുന്നില്ല. അച്ഛനമ്മമാരുടെ വേദന മനസിലാക്കാനുള്ള ഹൃദയബുദ്ധി പിണറായിക്കും കോടിയേരിക്കും വൃന്ദ കാരാട്ടിനും ഇല്ലെന്നും പറഞ്ഞു.

ഹാദിയ കേസില്‍ എന്‍.ഐ.എ. അന്വേഷണം ആവശ്യമില്ലെന്ന നിലപാട് ദേശവിരുദ്ധശക്തികളെ സഹായിക്കുന്നതാണ്. ഈ കേസില്‍ എതിര്‍പക്ഷത്ത് പോപ്പുലര്‍ഫ്രണ്ടാണ്. ഇവർ ആഭ്യന്തര സുരക്ഷിതത്വത്തിനു വെല്ലുവിളിയാണെന്നും ഐ.എസിലേക്ക് ആളെക്കൂട്ടുകയാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം സംഘടനകളെ നിയമപരമായി നിരോധിക്കേണ്ടെന്നും ജനാധിപത്യപരമായി നേരിട്ടാല്‍ മതിയെന്നുമാണ് കോടിയേരി പറയുന്നത്. വേങ്ങര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സി.പി.എം ഇവരെ പിന്തുണക്കുന്നത്. ഇത് രാജ്യസുരക്ഷക്ക് ഭീഷണിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണ ശാലയായിരുന്നു മാറാട്. ആ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണം. പോപ്പുലര്‍ഫ്രണ്ടിന്‍റെ പഴയ രൂപമായ എന്‍.ഡി.എഫിന് മാറാട് സംഭവവുമായി ബന്ധമുണ്ട്. അവര്‍ക്ക് മുസ് ലിം ലീഗില്‍ ഉപവിഭാഗം ഉണ്ടാക്കിക്കൊടുത്തതിന്‍റെ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിക്കാണെന്ന് എം.കെ. മുനീര്‍ പറഞ്ഞതായി വിക്കിലീക്സ് രേഖകളിലുണ്ട്. ലീഗ്, സി.പി.എം നേതാക്കള്‍ക്ക് കലാപവുമായി ബന്ധമുണ്ടെന്ന് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ പാര്‍ട്ടികള്‍ വിഷയത്തിൽ മൗനം ദീക്ഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് അന്തരിച്ച ഇ. അഹമ്മദാണ്. അദ്ദേഹത്തിന്‍റെ പങ്കും അന്വേഷിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു.

Tags:    
News Summary - BJP Leader MT Ramesh react to Hadiya Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.