കൊച്ചി: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം, ആശുപത്രി പദ്ധതികളുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ലൈഫ് മിഷനെ മൂന്നാം പ്രതിയും സ്വപ്ന സുരേഷിനെ ആറാം പ്രതിയുമാക്കി സി.ബി.ഐയുടെ ആദ്യ കുറ്റപത്രം.
ഫ്ലാറ്റ് നിർമാണത്തിനായി വിദേശ സന്നദ്ധ സംഘടന കരാർ നൽകിയ യൂനിടാക് ബിൽഡേഴ്സ് ഉടമ കൊച്ചി സ്വദേശി സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയും ഇയാളുടെ തന്നെ സെയ്ൻ വെഞ്ച്വേഴ്സ് എന്ന കമ്പനി രണ്ടാം പ്രതിയും സ്വർണക്കടത്തുകേസിൽ ഉൾപ്പെട്ട സന്ദീപ് നായർ നാലാം പ്രതിയും യു.എ.ഇ. കോൺസുലേറ്റ് പി.ആർ.ഒ ആയിരുന്ന സരിത്ത് അഞ്ചാം പ്രതിയുമാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ, അന്നത്തെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എന്നിവർക്കെതിരെയും സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. ഇവരെ ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
സ്വപ്ന സുരേഷും ശിവശങ്കറുമടക്കം പ്രതികളായ സ്വർണക്കടത്ത് കേസിന് പിന്നാലെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ ക്രമക്കേടും വിവാദമായത്. വടക്കാഞ്ചേരി മുൻ എം.എൽ.എ. അനിൽ അക്കര നൽകിയ പരാതിയിൽ സി.ബി.ഐ കേസെടുക്കുകയായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് വിദേശ സംഭാവന സ്വീകരിച്ചെന്നും ടെന്‍ഡര്‍ ഇല്ലാതെ യുനിടെക് എന്ന സ്ഥാപനത്തിന് നിർമാണ കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്നുമാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.