കൊല്ലം: ഡൽഹി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നു. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പും കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റിട്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം അനന്തമായി നീളുകയാണ്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി. രമേശ്, വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയർന്നു കേട്ടത്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളോട് അഭിപ്രായം ചോദിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഈ റിപ്പോർട്ടിലും മുരളീധരന്റെയും ശോഭയുടെയും രമേശിന്റെയും പേരുകളുണ്ട്.
സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ആർ.എസ്.എസ് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം തേടാറുണ്ട്. പ്രഹ്ലാദ് ജോഷിയാണ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വരണാധികാരി.
എം.ടി. രമേശിന് അവസരം നൽകണമെനാനണ് കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തിന് മുന്നിൽ വെച്ച നിർദേശം. ഒരുപാട് സംഘടന തെരഞ്ഞെടുപ്പുകളിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ഒടുവിൽ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് രമേശ് എന്നും ഇനിയും അവഗണിച്ചാൽ അനീതിയാകുമെന്നുമാണ് കൃഷ്ണദാസ് പക്ഷം വാദിക്കുന്നത്.
അതേസമയം ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് ഒരു വനിത പ്രസിഡന്റ് വേണമെന്നും ആവശ്യമുയരുന്നുണ്ട്. അത് അംഗീകരിക്കപ്പെട്ടാൽ ശോഭ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷയാകും. വി. മുരളീധരന് വേണ്ടിയും ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാൽ ദേശീയതലത്തിൽ പുതിയ ചുമതല ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുരളീധരൻ സംസ്ഥാന അധ്യക്ഷനാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇവരൊന്നുമല്ലാതെ പുതിയ മുഖത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കുമെന്നും ഒരു വിഭാഗം കരുതുന്നുണ്ട്. അതിനിടെ പ്രഖ്യാപനം വൈകുംതോറും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് സുരേന്ദ്രന് തുടരാനുള്ള അവസരമാണ് കിട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.