ഫേസ്ബുക്ക്-ബി.ജെ.പി ബന്ധം ജെ.പി.സി അന്വേഷിക്കണമെന്ന് സി.പി.എം

ന്യൂഡല്‍ഹി: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധം സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്കിന്റെ പ്രത്യേകിച്ച് ഇതിന്‍റെ ഇന്ത്യയിലെ നയവിഭാഗത്തിന്റെ പങ്ക് അപലപനീയമാണ്. വർഗീയവിദ്വേഷ ഉള്ളടക്കത്തിന്‍റെ കാര്യത്തിൽ സ്വന്തം മാനദണ്ഡങ്ങൾപോലും ഫെയ്‌സ്‌ബുക്ക്‌ പാലിക്കുന്നില്ലെന്നും പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.

വർഗീയവിദ്വേഷ പ്രചാരണത്തിന്‌ ഉത്തരവാദികളെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണം. സാമൂഹ്യമാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കുന്നത്‌ തടയാൻ ഫലപ്രദമായ സംവിധാനം ആവിഷ്‌കരിക്കണം. ജെ.പി.സി കണ്ടെത്തൽ വരുന്നതുവരെ, സർക്കാർ വകുപ്പുകളോ തെരഞ്ഞെടുപ്പ്‌ കമീഷൻപോലുള്ള ഭരണഘടന സ്ഥാപനങ്ങളോ ഫെയ്‌സ്‌ബുക്കുമായി ചേർന്ന്‌ പ്രവർത്തിക്കുന്നത്‌ നിരോധിക്കണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക് ടൈംസ് 2018 ല്‍ നടത്തിയ അന്വേഷണം ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നു. ബി.ജെ.പി സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ നടത്തുന്ന നിക്ഷേപവും പ്രവര്‍ത്തനങ്ങളും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ പടര്‍ത്താന്‍ ഇതുവഴി ശ്രമിക്കുന്നതും പുറത്തായി.

റിലയന്‍സില്‍ ഈയിടെ ഫേസ്ബുക്ക് നടത്തിയ മുതല്‍മുടക്ക് കുത്തകവല്‍ക്കരണത്തെക്കുറിച്ചുള്ള ആശങ്ക സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍വഴി ബി.ജെ.പിക്ക് ലഭിക്കുന്ന വന്‍സമ്പത്ത് സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവരെ കൂടുതല്‍ സഹായിക്കുന്നുവെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.