കൊച്ചി: ബിഷപ് ഫ്രാേങ്കാ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. കേസിലെ സാക്ഷിയായ പുരോഹിതൻ ജലന്ധറിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മറ്റ് സാക്ഷികളുടെ ജീവൻ ഭീഷണിയിലാണെന്നും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് മലയാള വേദി പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ് ഡിവിഷൻബെഞ്ച് തള്ളിയത്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് കേസിലെ ഇരയും സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥനോ മറ്റേതെങ്കിലും അധികൃതർക്കോ പരാതി നൽകിയിട്ടില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ഇരയെയോ സാക്ഷികളെയോ പ്രതി ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതിന് തെളിവുകൾ നൽകാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലേക്ക് കടക്കരുതെന്നും സാക്ഷികളെയടക്കം ഭീഷണിപ്പെടുത്തരുതെന്നുമുൾപ്പെടെ ഉപാധികളോടെ ബിഷപ്പിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ മുഖ്യ സാക്ഷിയായ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ചനിലയിൽ കണ്ടെത്തിയത് മറ്റ് സാക്ഷികളിൽ ഭയമുളവാക്കിയതായാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, പുരോഹിതെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന വസ്തുതകൾ ഹരജിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനൽ കേസുകളിലെ സാക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി വേണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇൗ ആവശ്യം നേരത്തേ പരിഗണിച്ചതാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇത്തരമൊരു പദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഇൗ ഘട്ടത്തിൽ ഹൈകോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.