കോഴിക്കോട്: ഞായറാഴ്ച അർധരാത്രി അന്തരിച്ച കോഴിക്കോട് രൂപത മുൻ അധ്യക്ഷൻ ബിഷപ് ഡോ. മാക്സ്വെൽ വി. നൊറോണക്ക് (93) അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. നിര്യാണവാർത്ത അറിഞ്ഞതുമുതൽ വെള്ളിമാടുകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്കും മലാപ്പറമ്പ് ബിഷപ്സ് ഹൗസിലേക്കും വിശ്വാസികൾ ഒഴുകിയെത്തി.
വാർധക്യസഹജമായ അസുഖത്താൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ വെള്ളിമാടുകുന്നിലെ ആശുപത്രി ചാപ്പലിൽ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിെൻറ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്കും പ്രാർഥന ശുശ്രൂഷകൾക്കും ശേഷം ഭൗതികശരീരം മലാപ്പറമ്പ് ബിഷപ്സ് ഹൗസിലേക്ക് കൊണ്ടുവന്നു. ഇവിടെ ഒപ്പീസിനുശേഷം നഗരത്തിലെ മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ എത്തിച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
സമീപത്തെ വിവിധ സ്കൂളുകളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും അന്തിമോപചാരം അർപ്പിക്കാനെത്തി. ദേവമാത കത്തീഡ്രലിൽ നടന്ന പ്രാർഥന ശുശ്രൂഷകൾക്ക് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, വികാരി ജനറാൾ ഡോ. തോമസ് പനയ്ക്കൽ, ഇടവക വികാരി വിൻസൻറ് പുളിക്കൽ, മലാപ്പറമ്പ് ക്രിസ്തുരാജ ഇടവക വികാരി ആേൻറാ ഡയനീഷ്യസ് തുടങ്ങിയവർ കാർമികരായി.
ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ കോഴിക്കോട് ടൗൺഹാളിലും 10.30 മുതൽ 12 വരെ കോഴിക്കോട് സിറ്റി സെൻറ് ജോസഫ്സ് ദേവാലയത്തിലും പൊതുദർശനത്തിന് വെക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദേവമാതാ കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് 3.30ന് ആർച്ച് ബിഷപ്പുമാരായ ഡോ. സൂസെപാക്യം, ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയിൽ വിവിധ റീത്തുകളിലെ വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുക്കും. തുടർന്ന് ദേവമാതാ കത്തീഡ്രലിലെ അൾത്താരക്ക് സമീപം ഒരുക്കിയ കല്ലറയിൽ സംസ്കാരം നടക്കും.
1952ൽ പൗരോഹിത്യം സ്വീകരിച്ച ഡോ. മാക്സ്വെൽ വി. നൊറോണ 1980 മുതൽ കോഴിക്കോട് രൂപത മെത്രാനായിരുന്നു. 2002ൽ വിരമിച്ചത് മുതൽ ഷാലോം പ്രീസ്റ്റ് ഹോമിലായിരുന്നു വിശ്രമ ജീവിതം. റോമിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം തലശ്ശേരി സെൻറ് ജോസഫ് സ്കൂൾ, വയനാട് ചുണ്ടേൽ റോമൻ കാതലിക് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിട്ടുണ്ട്. കോഴിക്കോട് രൂപതയുടെ മുൻവികാരി ജനറാളായും പ്രവർത്തിച്ചു.
രൂപതക്ക് കീഴിലെ വിദ്യാലയങ്ങൾക്ക് അവധി
കോഴിക്കോട്: ബിഷപ് ഡോ. മാക്സ്വെൽ വി. നൊറോണയുടെ കബറടക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് രൂപതക്കു കീഴിലുള്ള കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ച അവധിയായിരിക്കുമെന്ന് ബിഷപ്സ് ഹൗസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.