ബിനോയ് വിശ്വം
ആലപ്പുഴ: സംസ്ഥാനത്ത് ആവർത്തിക്കുന്ന കസ്റ്റഡി മർദനത്തിൽ രൂക്ഷ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റുകാർ എല്ലാ കാലത്തും കസ്റ്റഡി മർദനത്തിന് എതിരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ലോക്കപ്പ് മർദനങ്ങൾ എൽ.ഡി.എഫിന്‍റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ.ഡി.എഫ് നയം മനസിലാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ കസ്റ്റഡി മർദനത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിൽ അത്തരക്കാരെ ശിക്ഷിക്കണം. ഈ വിഷയത്തിൽ പാർട്ടി നിലപാട് പകൽ പോലെ വ്യക്തമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
പൊലീസ് മർദനത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സി.പി.എം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടി വ്യക്തമാക്കി. സർക്കാറിന് ദോഷമുണ്ടാക്കുന്ന, സേനക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ടെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകും. പൊലീസ് മർദനം ഇടതുപക്ഷ നയമല്ല. പൊലീസിന് ശിക്ഷിക്കാനുള്ള അനുവാദം ഇല്ല. അത് കോടതികൾക്കുള്ളതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വകുപ്പ് ഇത്രമേല്‍ ആരോപണങ്ങള്‍ നേരിടുമ്പോഴും ഒരക്ഷരം ഉരിയാടുകയോ കാര്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവ പരമ്പരയില്‍ ഇനിയെങ്കിലും മൗനം വെടിയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നീതി നടപ്പാക്കേണ്ട പൊലീസാണ് ക്രിമിനല്‍ സംഘങ്ങളെ പോലെ പെരുമാറുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. സി.പി.എമ്മും മുഖ്യമന്ത്രിയും പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിന്‍റെ ഫലമാണിത്. സാധാരണക്കാരോടുള്ള പൊലീസിന്‍റെ ക്രൂരത പ്രകടമാക്കുന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മര്‍ദനമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ നുഹ്‌മാന്‍, സി.പി.ഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. അനീതി ചോദ്യം ചെയ്ത ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദിച്ച് കര്‍ണ്ണപടം അടിച്ചുതകര്‍ത്ത ഈ നരാധമന്മാരെ സംരക്ഷിച്ചതിലൂടെ മുഖ്യമന്ത്രി സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.