തിരുവനന്തപുരം: പി.എം.ശ്രീയിൽ ഒപ്പിടാൻ യു.ഡി.എഫ് സർക്കാർ നോക്കിയാൽ എതിർക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി.എം.ശ്രീ ദേശീയ വിദ്യാഭ്യാസനയമാണ് (എൻ.ഇ.പി). ആർ.എസ്.എസിന്റെ വിദ്യാഭ്യാസ അജണ്ടയാണത്. അതുകൊണ്ടുതന്നെ യു.ഡി.എഫ് സർക്കാർ ഇതുമായി മുന്നോട്ടുപോയാൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയുടെ ദേശീയ വികാരങ്ങളെയും സംസ്കാരത്തെയും പൈതൃകത്തെയും എല്ലാം തെറ്റായ വഴിക്ക് വ്യാഖ്യാനിക്കുന്ന വരികളുണ്ട് അതിനകത്ത്. ആ വരികൾ ചൊല്ലേണ്ടതില്ല എന്നുതന്നെയാണ് അഭിപ്രായം. മഹാത്മാ ഗാന്ധിയും നെഹ്റുവും പഠിപ്പിച്ച അടിസ്ഥാന മൂല്യങ്ങളിൽ ഏറ്റവും മുഖ്യമാണ് മതനിരപേക്ഷത. അതിന്റെ ആശയങ്ങളെ ചോദ്യം ചെയ്യുന്ന ഭാഗങ്ങളാണ് വരികളിലുള്ളത്. അതാണ് കോൺഗ്രസ് ഇവിടെ മറന്ന് പോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾ എത്രത്തോളം പ്രാവർത്തികമാക്കപ്പെടുമെന്ന് കാണാൻ കാത്തിരിക്കുകയാണ്. നടപ്പിലാക്കാൻ പോകുന്ന നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ജനങ്ങൾക്ക് എതിരായിട്ട് ഗവൺമെന്റ് നീങ്ങിയാൽ എതിർക്കും. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര തെറ്റാണെന്ന് പറയുന്നില്ല. അതിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് ഗവൺമെന്റ് വ്യക്തമാക്കണം.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽനിന്ന് പാർട്ടി പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീർച്ചയായും ന്യായമായ ആവശ്യമാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആ സ്ഥാനം അർഹതപ്പെട്ടതാണ്. ചർച്ചയിലൂടെ ഇതിലേക്ക് എത്തിച്ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.