വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ സ്റ്റേജ് കെട്ടിയതിന് പാർട്ടി പ്രവർത്തകരോട് പരസ്യമായി പൊട്ടിത്തെറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ സമരത്തിന് എ.ഐ.ടി.യു.സി റോഡിൽ സ്റ്റേജ് കെട്ടിയതാണ് ഉദ്ഘാടകൻ കൂടിയായ സെക്രട്ടറിയെ ചൊടിപ്പിച്ചത്. പിന്നാലെ പ്രവർത്തകർ തന്നെ സ്റ്റേജ് അഴിച്ചുമാറ്റി. നിലത്ത് പോഡിയം സ്ഥാപിച്ചാണ് പിന്നീട് നേതാക്കൾ സംസാരിച്ചത്.
പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്നതിനാൽ രണ്ട് ചെറിയ ലോറികളിലായാണ് സ്റ്റേജ് തയാറാക്കിയിരുന്നത്. സമരവേദിയിലെത്തിയ ബിനോയ് വിശ്വം ഇത് കണ്ടതോടെ പ്രവർത്തകർക്ക് നേരെ തിരിഞ്ഞു. ‘ഇത് ഏത് പാർട്ടിയാണെന്ന് നിങ്ങൾക്കറിയില്ലേ, എന്താണിവിടെ ചെയ്തിരിക്കുന്നത്. മേലാൽ ആവർത്തിക്കരുത്, കസേരകളെല്ലാം മാറ്റിയിട്...’’ ബിനോയിക്ക് ദേഷ്യം അണപൊട്ടി. ഇതോടെയാണ് വേഗത്തിൽ സ്റ്റേജ് പൊളിച്ചുമാറ്റിയത്.
തുടർന്ന് ഉദ്ഘാടന പ്രസംഗത്തിലും രോഷം പ്രതിഫലിച്ചു. ‘ജനങ്ങൾക്ക് പ്രയാസമുണ്ടാക്കാൻ വേണ്ടിയല്ല ഈ സമരം. അതുകൊണ്ട് നിർബന്ധമായും ഒരുഭാഗത്തുകൂടി ജനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കണം. ജനങ്ങളെ തോൽപിക്കലല്ല എ.ഐ.ടി.യു.സി... റോഡിൽ സ്തംഭനമുണ്ടാക്കലല്ല ലക്ഷ്യം...’’
അതേസമയം, സഖാക്കൾ സ്വയം സ്റ്റേജ് മാറ്റിയതാണെന്നായിരുന്നു മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ ബിനോയ് വിശ്വം പ്രതികരിച്ചത്. കൂടുതൽ പ്രതികരണത്തിന് അദ്ദേഹം മുതിർന്നതുമില്ല. ജോയന്‍റ് കൗൺസിൽ സമരത്തിന് സെക്രട്ടേറിയറ്റ് പടിക്കൽ സ്റ്റേജ് കെട്ടിയതിന് ഉദ്ഘാടകനായിരുന്ന ബിനോയ് വിശ്വം അടുത്ത ദിവസം ഹൈകോടതിയിൽ ഹാജരാകാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.