സമാധാന പ്രേമികളെ ദുഃഖത്തിലാഴ്ത്തുന്ന വേർപാട്; ഫ്രാന്‍സിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: നിന്ദിതരുടെയും പീഡിതരുടെയും പക്ഷം ചേരലാണ് ക്രിസ്തുവിന്റെ വഴിയെന്ന് വാക്കിലും പ്രവര്‍ത്തിയിലും ഉറച്ചു വിശ്വസിച്ച മനുഷ്യസ്‌നേഹിയാണ് അന്തരിച്ച ഫ്രാന്‍സിസ് മാർപാപ്പയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മൂലധനത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത അനീതികളെക്കുറിച്ച് മാർപാപ്പ ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടികളോടും യുവാക്കളോടും വിശ്വാസവഞ്ചന കാണിക്കുന്ന മൂലധനവാഴ്ച സ്ത്രീയെയും പ്രകൃതിയെയും ചവിട്ടി മെതിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിരല്‍ചൂണ്ടി പറഞ്ഞു. തന്റെ ഏറ്റവുമൊടുവിലത്തെ ക്രിസ്തുമസ് സന്ദേശത്തിലും മാര്‍പ്പാപ്പ പറഞ്ഞത് പാവങ്ങളെ ചൊല്ലി വ്യഥ കൊള്ളുന്ന രാഷ്ട്രീയക്കാര്‍ രാജ്യംതോറുമുണ്ടാകട്ടെ എന്നായിരുന്നു.

തീവ്ര വലതുപക്ഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മേല്‍ കമ്മ്യൂണിസ്റ്റ് മുദ്ര ചാര്‍ത്തിയപ്പോള്‍ അദ്ദേഹം അതു നിഷേധിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സത്യം പറയുമ്പോള്‍, അതു സത്യമാണെന്ന് തന്നെ താന്‍ പറയുമെന്നും മഹാനായ ആ ക്രിസ്തു ശിഷ്യന്‍ തറപ്പിച്ചു പറഞ്ഞു.

ഫ്രാന്‍സിസ് മാർപാപ്പയുടെ വേര്‍പാട് ലോകത്തെവിടെയുമുള്ള സമാധാനപ്രേമികളെ ദുഃഖത്തിലാഴ്ത്തുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുമ്പിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടി താഴ്ത്തുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും മൂർത്തീഭാവം; ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും മൂർത്തീഭാവമായിരുന്നു അദ്ദേഹമെന്നും രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു. ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും അ​ഗാധമായ സ്നേഹം അദ്ദേഹം കരുതിയിരുന്നു. തന്റെ അകമഴിഞ്ഞ പിന്തുണയിലൂടെ അദ്ദേഹം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ ശാക്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി, അദ്ദേഹം വളരെയടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നിരുന്നു മാർപാപ്പ. ആഗോള ഐക്യവുമായി ബന്ധപ്പെട്ട യോജിച്ച നിലപാടുകളും കാഴ്ചപ്പാടുകളും അവരുടെ കൂടിക്കാഴ്ചകളെ അടയാളപ്പെടുത്തി.

ഏതാനും മാസങ്ങൾക്ക് മുമ്പ് വത്തിക്കാനിൽ വെച്ച് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് ഒരു ഭാ​ഗ്യമായി താൻ കരുതുന്നുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സൂചിപ്പിച്ചു. സ്നേഹവും കരുതലും പ്രസരിപ്പിക്കുന്ന ഊഷ്മള സാന്നിധ്യമായിരുന്നു മാർപാപ്പയുടേത്.

ലോകത്തിന് ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടത്. അഗാധമായ ദുഃഖത്തിന്റെ ഈ വേളയിൽ, ക്രൈസ്തവ സമൂഹത്തിന് പ്രാർഥനകളും ഹൃദയംഗമമായ അനുശോചനങ്ങളും അർപ്പിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Tags:    
News Summary - Binoy Vishwam mourns the passing of Pope Francis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.