കെട്ടിടത്തിൽ ആരുമില്ലെന്ന് മന്ത്രിമാർ പറയുമ്പോൾ ജീവനുവേണ്ടി പിടഞ്ഞ് ബിന്ദു; ഒടുവിൽ ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളജിൽ ആശുപത്രിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ ആരുമില്ലെന്നും ഇനി തിരച്ചിൽ വേണ്ടെന്നും മന്ത്രിമാരായ വീണ ജോർജും വി.എൻ വാസവനും തീരുമാനിക്കുമ്പോൾ ജീവനുവേണ്ടി കേഴുകയായിരുന്നു തലയോലപറമ്പ് സ്വദേശിയായ ബിന്ദു. ഒടുവിൽ ചാണ്ടി ഉമ്മൻ എം.എൽ.എ അടക്കമുള്ളവർ എത്തി കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും ബിന്ദുവിനെ കണ്ടെത്തിയത്. കെട്ടിടം ഉപയോഗത്തിലില്ലാത്തതാണെന്ന മന്ത്രിമാരുടെ വാദവും രോഗികൾ തള്ളി. കെട്ടിടത്തിലെ ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നാണ് രോഗികളും മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാരും പറയുന്നത് പറയുന്നത്.

മെഡിക്കൽ കോളജിലെ തകർന്ന കെട്ടിടത്തിനടിയിൽ നിന്നും രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുത്തത്.  ട്രോമാ കെയറിൽ ചികിത്സയിലു​ള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു.

കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് സംശയം പ്രകടിപ്പിച്ചിരുന്നു. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും ആശുപത്രിയിലെത്തിയത്.

തകർന്ന അവിശിഷ്ടങ്ങൾ നീക്കുന്നതിനിടെയായിരുന്നു പരി​ക്കുകളോടെ ബിന്ദുവിനെ കണ്ടെത്തിയത്. കെട്ടിടത്തിൽ ആരു​മില്ലെന്നായിരുന്നു മന്ത്രിമാർ അറിയിച്ചിരുന്നത്. അതിനാൽ രക്ഷാപ്രവർത്തനവും നടത്തിയിരുന്നില്ല. എന്നാൽ, പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ ഇതിന് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പഴയ കെട്ടിടമാണ് തകർന്നുവീണതെന്ന വാദം തെറ്റാണെന്നും ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും രക്ഷാപ്രവർത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ആശുപത്രി കെട്ടിടം തകർന്ന് വീണതിന് പിന്നാ​ലെ മന്ത്രിമാരായ വി.എൻ വാസവനും വീണാജോർജും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇതെന്നും ഉപയോഗിക്കാത്ത ഇവിടെപഴയ സാധനങ്ങൾ ഇടുകയാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. അടച്ചിട്ടിരുന്ന കെട്ടിടത്തിന്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. എന്താണെന്ന് നോക്കിയിട്ട് പറയാമെന്നും വീണ ജോർജ് വ്യക്തമാക്കിയിരുന്നു. പുതിയ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയായെന്നും ഷിഫ്റ്റിങ്ങിനായുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. എന്താണ് അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Bindu fights for her life when ministers say there is no one in the building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.