ഗവർണർക്കെതിരായ ബിൽ: നിലപാട് ഇന്ന് ചേരുന്ന യോഗത്തിലെടുക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള ബില്ലിൽ മുസ്‍ലിം ലീഗ് നിലപാട് ഇന്ന് തീരുമാനിക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഗവർണർക്കെതിരെ ലീഗിന് വ്യക്തമായ നിലപാടുണ്ട്. ഇന്ന് യോഗത്തിൽ കൂടി ചർച്ച ചെയ്ത് നിലപാട് നാളത്തെ യു.ഡി.എഫ് യോഗത്തെ അറിയിക്കും. നിർണായക ഘട്ടങ്ങളിൽ ഇതിന് മുമ്പ് എം.എൽ.എമാരെ വിളിച്ച് ചേർത്തിട്ടുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മുസ്‍ലിം ലീഗ് യോഗം വിളിച്ചത്. ലീഗ് എം.എൽ.എമാരുടെ യോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വിളിച്ചത്. സമ്മേളനത്തിൽ വിഷയാധിഷ്ടിതമായി നിലപാട് സ്വീകരിക്കാനാണ് ലീഗ് നീക്കം.

ഡിസംബർ അഞ്ചിന് തുടങ്ങുന്ന നിയമസഭ സമ്മേളനം 15 വരെ നീണ്ടുനിൽക്കും. ഒമ്പത്​ ദിവസത്തെ സമ്മേളനം നിയമനിർമാണത്തിന്​ മാത്രമായിരിക്കുമെന്ന്​ സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചിരുന്നു. 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണിത്​. സമ്മേളന കാലയളവ്​ നീട്ടണമോയെന്ന്​ കാര്യോപദേശകസമിതി ചേർന്ന്​​ തീരുമാനിക്കും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട്​ ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകളിൽ സ്പീക്കറായിരിക്കും തീരുമാനമെടുക്കുക.

Tags:    
News Summary - Bill against the Governor: Muslim League will take its position in today's meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.