ഭാരതാംബ: നിയമപരമായ എതിർപ്പ് ഗവർണറെ അറിയിക്കാൻ സർക്കാർ

തിരുവനന്തപുരം: ഭാരതാംബ എന്ന പേരിലുള്ള സ്ത്രീയുടെ ചിത്രം രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്നതിലുള്ള നിയമപരമായ എതിർപ്പ് ഗവർണറെ അറിയിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

സർക്കാർ പരിപാടികളിൽ ഔദ്യോഗികമായി അംഗീകരിച്ച ചിഹ്നങ്ങളും ചിത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം ഗവർണർ രാജേന്ദ്ര ആർലേക്കറെ അറിയിക്കും. ഇതുസംബന്ധിച്ച് നിയമവകുപ്പിന്‍റെ ഉപദേശ പ്രകാരമുള്ള എതിർപ്പായിരിക്കും രാജ്ഭവനെ അറിയിക്കുക. ഔദ്യോഗിക ചിഹ്നങ്ങൾക്ക് പകരം പുറമെ നിന്നുള്ളവ ഉപയോഗിക്കുന്നത് നിയമപരമല്ലെന്ന് സർക്കാർ വ്യക്തമാക്കും.

രാജ്ഭവനിൽ നടത്തിയ രണ്ട് സർക്കാർ പരിപാടികളിൽ ഭാരതാംബ എന്ന പേരിൽ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം സ്ഥാപിച്ച് വിളക്ക് തെളിക്കലും പുഷ്പാർച്ചന നടത്തിയതും വിവാദമായിരുന്നു. രണ്ട് സംഭവങ്ങളിലും ബന്ധപ്പെട്ട മന്ത്രിമാർ പ്രതിഷേധമറിയിച്ച് പരിപാടി ബഹിഷ്കരിച്ചു. എന്നാൽ, ചിത്രം മാറ്റാൻ തയാറല്ലെന്നും രാജ്ഭവൻ പരിപാടികളിൽ ഇത് തുടരുമെന്നും ഗവർണർ നിലപാടെടുത്തു.

മന്ത്രിമാർ പരസ്യപ്രതികരണം നടത്തിയെങ്കിലും സർക്കാർ തലത്തിൽ ഔദ്യോഗികമായി രാജ്ഭവനെ നിലപാട് അറിയിച്ചിരുന്നില്ല. പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചതും വിമർശന വിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് നിയമവകുപ്പിന്‍റെ അഭിപ്രായം തേടി നിലപാട് രേഖാമൂലം രാജ്ഭവനെ അറിയിക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - Bharatamba: Government to inform Governor of legal objection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.